കർക്കടക വാവ് ബലി നാളെ; പിതൃ തർപ്പണത്തിന് തയ്യാറെടുത്ത് ക്ഷേത്രങ്ങൾ

കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് അഥവാ പിതൃദിനം എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ വർഷം നാളെ (ജൂലൈ 24നാണ്) കർക്കടക വാവ് വരുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നും കണക്കാക്കുന്നു. പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.

  • തെക്കൻ കേരളത്തിലെ പ്രമുഖ ധന്വന്തരി ക്ഷേത്രമായ ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ നാളെ നടക്കുന്ന കർക്കടക വാവിന് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരത്തിലധികം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇത്തവണ തിരക്കില്ലാതെ തൊഴാനും നമസ്കാരത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 6ന് ചടങ്ങുകൾക്ക് തുടക്കമാകും.
  • ചേർത്തലയിൽ നിന്നും മുഹമ്മയിൽ നിന്നും കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ക്ഷേത്രം വഴി സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. തണ്ണീർമുക്കം പിഎച്ച്സിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. 40,000 ലീറ്റർ താൾ കറിയാണ് ഇത്തവണ ഒരുക്കുന്നത്. കാട്ടുതാൾ ഉപയോഗിച്ച് പ്രത്യേക ചേരുവകൾ ചേർത്ത് തയാറാക്കുന്ന താൾ കറിക്ക് ഔഷധ ഗുണമുണ്ട്. 400 പറ അരിയുടെ നമസ്കാരച്ചോറ് ഇത്തവണ ഒരുക്കുന്നുണ്ട്.
  • പുത്തൂർ കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർ‍ണമായി. നാളെ പുലർച്ചെ 4 മുതൽ തർപ്പണം തുടങ്ങും. ക്ഷേത്രത്തിൽ വിഷ്ണു പൂജയോടെ ആണു കർമങ്ങൾക്കു തുടക്കം. കല്ലടയാറ്റിൽ സുരക്ഷിതമായ സ്നാനഘട്ടം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം എഴുനൂറോളം പേർക്ക് ബലി അർപ്പിക്കാനുള്ള 2 ബലി മണ്ഡപങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
  • കുളത്തൂപ്പുഴ ആനക്കൂട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ കർക്കടക വാവ് ദിവസം കല്ലടയാർ കടവിൽ പിതൃബലി തർപ്പണത്തിനു സൗകര്യം ഏർപ്പെടുത്തി.
  • അർക്കന്നൂർ പോരേടം മഹാദേവ ക്ഷേത്രം ഉപദേശക സമിതി, ആറാട്ട് കടവ് സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ നാളെ രാവിലെ 5 മുതൽ അർക്കന്നൂർ തെരുവിൻഭാഗം ആറാട്ടുകടവിൽ കർക്കിടക വാവുബലി തർപ്പണം ചടങ്ങുകൾ നടക്കും.കർമങ്ങൾക്കു തന്ത്രി രാജീവനും തിലഹവന പൂജകൾക്കു എ.എൻ.രഘുപ്രസാദ് പണ്ടാരത്തിലും നേതൃത്വം നൽകും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിക്കടവ് ഉണ്ടായിരിക്കും. തുടർന്ന് അന്നദാനം.
  • അണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കടക വാവ് ബലിതർപണവും തിലഹോമവും നാളെ രാവിലെ 5.30 ന് ആരംഭിക്കും. മേൽ ശാന്തി ആനന്ദ്.എസ്. നമ്പൂതിരിയുടെ കാർമികത്വം വഹിക്കും
  • ചടയമംഗലം കടയ്ക്കൽ കിളിമരത്തുകാവ് ശിവ പാർവതി ക്ഷേത്രത്തിൽ മേൽശാന്തി ശ്രീനിവാസൻ പോറ്റി കാർമികത്വം വഹിക്കും പുലർച്ചെ മുതൽ ബലി തർപണ ചടങ്ങ് ആരംഭിക്കും. കുമ്മിൾ മീൻമുട്ടിയിലും ബലിതർപ്പണ ചടങ്ങ് നടക്കും. പ്രഭാത ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചടയമംഗലം, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.
  • ചക്കളത്തുകാവ് ഉമാ മഹേശ്വര ക്ഷേത്രത്താൽ കർക്കടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
  • ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കടകവാവിനോടനുബന്ധിച്ച് രാവിലെ 6 മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണചടങ്ങുകൾ നടക്കും.
  • തൊടുപുഴ കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിൽ കർക്കടകവാവിനോടനുബന്ധിച്ച് പ്രത്യേകപൂജകളും ബലിതർപ്പണചടങ്ങുകളും നടക്കും. നാളെ പുലർച്ചെ 4 .30 മുതൽ ചടങ്ങുകൾക്ക് തുടക്കമാകും.

കർക്കിടക വാവ് ബലിതർപ്പണത്തിന് ഇക്കൊല്ലം ദേവസ്വം ബോർഡ് കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമ ക്ഷേത്രം ആഡിറ്റോറിയത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തു പ്രവർത്തനങ്ങൾ വിലയിരുത്തി. കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കും. ഇതിനായി ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷത്തെപ്പോലെ പരാതികളില്ലാത്ത ബലിതർപ്പണ വേദികൾ ഒരുക്കുകയാണ് ഇത്തവണയും ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Related Articles

Back to top button