ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ ഒരിക്കൽ കൂടി വി എസ് എത്തി… ആലപ്പുഴയിൽ ഇന്ന് ഗതാഗത നിയന്ത്രണം…

കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി.ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോയത്.കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി. എന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാൻ തടിച്ചുകൂടി നിന്നു.ഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം.വി എസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് സംസ്കാരം വലിയ ചുടുകാട്ടിൽ. വി എസ് അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്കാര ചടങ്ങ് കഴിയുന്നതു വരെയാണ് ഗതാഗത നിയന്ത്രണം. കെഎസ്ആര്‍ടിസി ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും അറിയിപ്പുണ്ട്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും, പൊലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്നുമാണ് നിർദേശം. വസതിയിലെ പൊതു ദർശനവുമായി ബന്ധപ്പെട്ട് പഴയ നടക്കാവ് റോഡിലെ വാഹന ഗതാഗതം ബുധൻ രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

Related Articles

Back to top button