വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’.. സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും..

മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതൽ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിൻറെ സ്റ്റാറ്റസ് ഇൻറർഫേസിൽ പരസ്യങ്ങൾ കാണിക്കുക വഴിയും ചാനലുകൾ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിൻറെ ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് ബീറ്റ വേർഷൻ 2.25.21.11-ൽ ‘സ്റ്റാറ്റസ് ആഡ്’, ‘പ്രൊമോട്ടഡ് ചാനൽസ്’ ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ മെറ്റ കൊണ്ടുവന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്‌തു. തെരഞ്ഞെടുക്കപ്പെട്ട ആൻഡ്രോയ്‌ഡ് ബീറ്റ ടെസ്റ്റർമാർക്ക് ഇരു ഫീച്ചറുകളും ഇപ്പോൾ ലഭ്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ ബിസിനസ് അക്കൗണ്ടുകൾക്കും കണ്ടൻറ് ക്രിയേറ്റേഴ്‌സിനും അവരുടെ റീച്ച് വർധിപ്പിക്കാൻ സഹായിക്കുകയാണ് ഈ രണ്ട് ഫീച്ചറുകളിലൂടെയും മെറ്റ ലക്ഷ്യമിടുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറീസിലെ പരസ്യങ്ങൾക്ക് തുല്യമായ വാട്‌സ്ആപ്പ് പരസ്യങ്ങളായിരിക്കും സ്റ്റാറ്റസ് ആഡ് ഫീച്ചർ എന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് പരസ്യ സവിശേഷത ബിസിനസ് അക്കൗണ്ടുകളെ ഉപയോക്താക്കളുടെ സ്റ്റാറ്റസ് ഫീഡുകളിൽ സ്പോൺസർ ചെയ്ത ഉള്ളടക്കം പ്രദർശിപ്പിക്കാൻ അനുവദിക്കും. വാട്‌സ്ആപ്പ് കോൺടാക്റ്റുകളിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന അപ്‌ഡേറ്റുകൾക്കിടയിൽ ഈ പരസ്യങ്ങൾ ദൃശ്യമാകും. പക്ഷേ അവ സ്പോൺസേർഡ് കണ്ടൻറുകളാണ് എന്ന് പ്രത്യേകം അടയാളപ്പെടുത്തും. അതിനാൽ ഉപയോക്താക്കൾക്ക് വ്യക്തിഗത പോസ്റ്റുകളും പ്രൊമോഷണൽ ഉള്ളടക്കവും ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാം. മാത്രമല്ല, ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ആഡുകൾ കാണുന്നത് നിയന്ത്രിക്കുകയും ചെയ്യാം. അതായത്, പരസ്യദാതാക്കളെ തടഞ്ഞ് ഭാവിയിൽ അവരുടെ പരസ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാം.

Related Articles

Back to top button