നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറിന് നേരെ ഒറ്റയാന്റെ ആക്രമണം…ആക്രമണത്തിൽ….
ഇറ്റലിയില്‍ നിന്ന് തിരികെയെത്തിയവരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറിന് നേരെ ഒറ്റയാന്റെ ആക്രമണം. പുല്‍പ്പള്ളി പാടിച്ചിറയിലെ വീട്ടിലേക്ക് വരുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിനുമുന്‍പില്‍ പോയിരുന്ന പിക്കപ്പ് വാനും ആക്രമണത്തിനിരയായി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഇരുളം-മൂന്നാനക്കുഴി റോഡിലെ ചേലക്കൊല്ലി വനമേഖലയിലായിരുന്നു സംഭവം.
പാടിച്ചിറ പുതിയപറമ്പില്‍ ബേബി തോമസ്, ഭാര്യ മിനി, ഭാര്യാമാതാവ് ചിന്നമ്മ, ഇവരുടെ സഹായി ഓമന, ഡ്രൈവറും അയല്‍വാസിയുമായ സിജോ ചിറക്കപ്പറമ്പില്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇറ്റലിയില്‍നിന്നെത്തിയ മിനിയെയും ചിന്നമ്മയെയും കൊണ്ടുവരാനാണ് ബേബി സ്വന്തം വാഹനവുമായി നെടുമ്പാശ്ശേരിക്ക് പോയത്. കാട്ടാനയുടെ ആക്രമണത്തില്‍ ബേബിയുടെ കൈയില്‍ ചില്ലുകൊണ്ട് മുറിവുണ്ടായി. മിനിയുടെ തോളിന് ഇടിയില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവർക്കും പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം വനംവകുപ്പ് ജീവനക്കാര്‍ വീട്ടിലെത്തിച്ചത്.