കുപ്പിയിൽ പെട്രോൾ വാങ്ങി ജഗ്ഗിലേക്ക് പകർത്തി..’അറിയില്ലായിരുന്നു അവനിങ്ങനെ ചെയ്യുമെന്ന്..
അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയതിനേത്തുടർന്ന് ദേഹമാസകലം പൊള്ളലേറ്റ വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്റ്റഫറിന്റെ (54) നില അതീവഗുരുതരം. പച്ചാളം ലൂർദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് ക്രിസ്റ്റഫർ. ഇരുകൈകൾക്കും നെഞ്ചിലും ഇരുതുടകളിലുമായി അറുപത് ശതമാനത്തോളം പൊള്ളലുണ്ട്. ഭാര്യ മേരിക്കുട്ടിക്ക് (50) 10 ശതമാനത്തോളമാണ് പൊള്ളൽ. ഇവരെ സർജറി വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവരുടെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം ആത്മഹത്യചെയ്ത വടുതല പൂവത്തിങ്കൽവീട്ടിൽ വില്യംസ് കൊറയയുടെ (52) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
വീടിനുസമീപത്തെ ചാത്യാത്ത് മൗണ്ട് കാർമൽപള്ളിയിൽ പെരുന്നാൾ കുർബാന കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ക്രിസ്റ്റഫറിനെയും മേരിക്കുട്ടിയെയും വില്യംസ് ആക്രമിച്ചത്. ഇടവഴിയിൽ ഇവരുടെ സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ ദേഹത്തേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു. അടുത്തുള്ള വീട്ടിലേക്കോടിക്കയറിയ ക്രിസ്റ്റഫറിന്റെയും മേരിയുടെയും ദേഹത്ത് വെള്ളമൊഴിച്ച് തീകെടുത്തിയത് അയൽവാസികളായിരുന്നു. തുടർന്ന് ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം വീടിനകത്ത് കയറി വാതിലടച്ച വില്യംസിനെ തൂങ്ങിമരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തിയത്. കുപ്പിയിൽ പെട്രോൾ വാങ്ങിയ വില്യംസ് ജഗ്ഗിലേക്ക് പകർത്തിയ ശേഷമാണ് ക്രിസ്റ്റഫറിന്റെ ദേഹത്തേക്ക് ഒഴിച്ചത്. ജഗ്ഗ് ഉരുകിയനിലയിൽ പോലീസ് കണ്ടെടുത്തു.
വടുതല ഗോൾഡൻ സ്ട്രീറ്റ് റോഡിൽ ജലദർശിനി അപ്പാർട്ട്മെന്റിനുസമീപം താമസിക്കുന്ന അയൽവാസികളായ ക്രിസ്റ്റഫറും വില്യംസും തമ്മിൽ വർഷങ്ങളായി വഴക്കാണ്. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യവും മനുഷ്യവിസർജ്യവും വരെ വില്യംസ് എറിഞ്ഞിട്ടുണ്ട്. ഇതിന്റെപേരിൽ ക്രിസ്റ്റഫർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇടവഴിയും വില്യംസിന്റെ വീടും കാണുന്ന രീതിയിൽ അടുത്തിടെ ക്രിസ്റ്റഫർ സ്വന്തം വീടിനുമുന്നിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതാണ് തർക്കം രൂക്ഷമാകാൻ കാരണം.
ഒറ്റയ്ക്കുതാമസിച്ചിരുന്ന വില്യംസ് ചുറ്റിലുമുള്ള താമസക്കാർക്ക് നിരന്തരം ശല്യമുണ്ടാക്കിയിരുന്നു. ഇയാളെ പേടിച്ച് പിൻവശത്തെ വീട്ടുകാർ മതിൽ ഉയർത്തിക്കെട്ടി. പന്ത്രണ്ടുവർഷം മുന്നേ ചേട്ടൻ പീറ്റർ കൊറയയുടെ മകന്റെ തലയ്ക്ക് വില്യംസ് ചുറ്റികകൊണ്ട് അടിച്ച സംഭവവുമുണ്ട്. പോലീസ് പരിശോധനയിൽ വില്യംസിന്റെ വീട്ടിനുള്ളിൽനിന്ന് വലിയ കത്തി കണ്ടെടുത്തിട്ടുണ്ട്.
എറണാകുളം നോർത്ത് പോലീസിന്റെ അന്വേഷണസംഘം ശനിയാഴ്ച വെളുപ്പിനുതന്നെ വില്യംസിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പ്രതി ആത്മഹത്യ ചെയ്തതിനാൽ കേസിലെ തെളിവുകളും റിപ്പോർട്ടുമടക്കം ഇനി കോടതിയിൽ സമർപ്പിക്കും. തീകൊളുത്തിയ സ്ഥലം, സ്കൂട്ടർ, വില്യംസിന്റെ വീട് എന്നിവിടങ്ങളിൽ ഫൊറൻസിക് സംഘം ശനിയാഴ്ച രാവിലെതന്നെ തെളിവുകൾ ശേഖരിച്ച് മുദ്രവെച്ചു. അയൽവാസികളുടെയടക്കം മൊഴികളുമെടുത്തു. ചേട്ടൻമാരായ പീറ്റർ, സൈമൺ, സെബാസ്റ്റ്യൻ, ഹെൻട്രി എന്നിവർ ചേർന്നാണ് വില്യംസിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെ ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.


