അതുല്യ നേരിട്ടത് ക്രൂര പീഡനം.. ഭർത്താവ് ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്.. കസേര ഉയർത്തി അതുല്യയെ….

ഷാർജയിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമെന്ന് വിവരം.ഭർത്താവായ സതീഷ് അതുല്യയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സതീഷ് കസേര ഉയർത്തി അതുല്യയെ ആക്രമിക്കുന്നത്തിന്റെ അടക്കം ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകൾ അതുല്യ തന്നെ പകർത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്.

കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് ഇന്ന് ഷാർജയിൽ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു.അതുല്യയുടെ പതിനേഴാമത്തെ വയസിലാണ് സതീഷുമായി വിവാഹം ഉറപ്പിച്ചത്. നിശ്ചയമടക്കം നടത്തിയ ശേഷം പിന്നീട് വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. ഷാർജയിലേക്ക് താമസം മാറിയതിന് പിന്നാലെ സതീഷിന്റെ സ്വഭാവത്തിലടക്കം മാറ്റം വന്നുവെന്നാണ് അതുല്യ ബന്ധുക്കളോട് പറ‍ഞ്ഞിരുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി അതുല്യയെ ശരീരികമായി സതീഷ് ഉപ​ദ്രവിക്കുന്നുണ്ടായിരുന്നു. താങ്ങാവുന്നതിനപ്പുറമാണ് സതീഷ് തന്നെ ഉപദ്രവിച്ചിരുന്നതെന്ന് അതുല്യ പറഞ്ഞിരുന്നു. സതീഷ് മർദിച്ചതിന് ശേഷം ശരീരത്തിലുണ്ടായ പാടുകളും മുറിവുകളും അതുല്യ ബന്ധുവിന് അയച്ചു നൽകിയിരുന്നു. മദ്യപിച്ച ശേഷമാണ് സതീഷ് മർദിക്കുന്നതെന്ന് അതുല്യ പറഞ്ഞിരുന്നു. അതുല്യയെ നാട്ടിലേക്ക് വിടുന്നതിനടക്കം സതീഷ് തടസം നിന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കല്യാണം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സതീഷ് അതുല്യയെ മർദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. ഇരുവരുടെയും മകൾ നാട്ടിൽ പഠിക്കുകയാണ്. അതുല്യയുടെ മാതാപിതാക്കളാണ് കുട്ടിയെ നോക്കുന്നത്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button