ബോംബ് ഭീഷണി പരമ്പര തുടരുന്നു.. മുഖ്യമന്ത്രിയുടെ ഓഫിസിനും സെക്രട്ടേറിയറ്റിനും വ്യാജ ബോംബ് ഭീഷണി,…
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനും ഗാന്ധിനഗറിലെ സംസ്ഥാന സെക്രട്ടേറിയറ്റിനും നേരെ ബോംബ് ഭീഷണി. ഇമെയിൽ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി), ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്), ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാത്തതിനാൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാണ് ഇമെയിൽ ലഭിച്ചത്. അതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും സെക്രട്ടേറിയറ്റ് സമുച്ചയത്തിലും സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ദിവ്യപ്രകാശ് ഗോഹിൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവ പ്രകാരം അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും പൊലീസ് വ്യക്തമാക്കി. ഏതാനും സ്കൂളുകൾ, കീഴ്ക്കോടതികൾ, ഗുജറാത്ത് ഹൈകോടതി എന്നിവക്കും അടുത്തിടെ ഇത്തരം വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു.