കേരള സർവകലാശാല റജിസ്ട്രാർക്കെതിരെ വീണ്ടും നടപടിയുമായി വിസി
കേരള സർവകലാശാലയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിസി – റജിസ്ട്രാർ പോര് തുടരുന്നു. റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹൻ കുന്നുമ്മൽ പുതിയ ഉത്തരവിറക്കി. കാർ സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാൻ നിർദ്ദേശം നൽകി. റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ മിനി കാപ്പനും, സെക്യൂരിറ്റി ഓഫീസർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവറുടെ കൈയ്യിൽ നിന്നും സെക്യൂരിറ്റി ഓഫീസർ കാറിൻ്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
രണ്ടാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലിൽ നിരവധി ഉത്തരവുകൾ വിസി പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. ഈ പുതിയ ഉത്തരവിൻ്റെ ഗതിയെന്താകുമെന്നത് നാളെ അറിയാനാവും. റജിസ്ട്രാർക്കൊപ്പം ഉറച്ച നിലപാടെടുത്ത് സിൻ്റിക്കേറ്റ് നിൽക്കുന്നുണ്ട്. കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. റജിസ്ട്രാറുടെ സസ്പെൻഷൻ സിൻ്റിക്കേറ്റ് പിൻവലിച്ചതാണ്. സിൻ്റിക്കേറ്റിനാണ് ഇതിനുള്ള നിയമപരമായ ചുമതലയും. ഇത് പ്രകാരമാണ് റജിസ്ട്രാർ വിസിയുടെ സസ്പെൻഷൻ ഉത്തരവ് മറികടന്ന് ഓഫീസിൽ തുടരുന്നത്.
വിസി സസ്പെൻറ് ചെയ്തതിനെ തുടർന്ന് കോടതിയിൽ പോയ റജിസ്ട്രാറോട് തിരികെ വന്ന് ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടത് സിൻ്റിക്കേറ്റാണ്. എന്നാൽ അനിൽകുമാറിന്റെ ചുമതലയിൽ മിനി കാപ്പനെ നിയമിച്ച വിസി ഇതിനെതിരെ തൻ്റെ നിലപാടും അറിയിച്ചു. പക്ഷെ മിനി കാപ്പനല്ല റജിസ്ട്രാറെന്നും അനിൽകുമാറാണെന്നും വ്യക്തമാക്കിയ സിൻ്റിക്കേറ്റ് ഫയലുകളുടെ ചുമതല അനിൽകുമാറിന് തന്നെയാണെന്ന് ഉറപ്പിച്ചു. എന്നാൽ അനിൽകുമാർ അയക്കുന്ന ഫയലുകൾ നോക്കില്ലെന്നും മിനി കാപ്പൻ അയക്കുന്ന ഫയലുകളേ നോക്കൂ എന്നതുമാണ് വിസിയുടെ നിലപാട്. റജിസ്ട്രാറെ ഓഫീസിൽ കയറാൻ അനുവദിക്കരുതെന്നടക്കം പല ഉത്തരവുകളും ഇതിനിടെ വിസി ഇറക്കിയെങ്കിലും ഒരെണ്ണം പോലും സർവകലാശാലയിൽ നടപ്പായില്ല. ഈ സാഹചര്യത്തിൽ റജിസ്ട്രാറുടെ പുതിയ ഉത്തരവ് നടപ്പാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നാളെ റജിസ്ട്രാർ ഔദ്യോഗിക വാഹനത്തിൽ സർവകലാശാലയിൽ വരുമോയെന്നാണ് ഇനി അറിയാനുള്ളത്.


