വീട്ടിലെല്ലാവരും ഉറങ്ങുന്ന നേരം, അച്ഛന്റെ ഫോണെടുത്ത് 5 വയസുകാരൻ വാങ്ങിയത് 2.57 ലക്ഷത്തിന്റെ സാധനങ്ങൾ…
വീട്ടിൽ എല്ലാവരും ഉറങ്ങുമ്പോൾ ആമസോണിൽ നിന്ന് 3,000 ഡോളറിൽ (2,57,819.89 രൂപ) കൂടുതൽ വിലയ്ക്ക് ഷോപ്പിംഗ് നടത്തിയ അഞ്ച് വയസുകാരൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. 4.14 മില്ല്യൺ കാഴ്ചക്കാരുണ്ടായി കുട്ടിയുടെ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്ക്. അതിൽ അവർ പറയുന്നത് ഞങ്ങൾ ഫോൺ ശ്രദ്ധിച്ചിരുന്നില്ല, ആ സമയത്താണ് മകൻ ഇക്കാര്യം ചെയ്തത് എന്നാണ്. കുട്ടിയുടെ അമ്മയായ കിർസ്റ്റൺ ലോച്ചാസ് മക്കൽ എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ആയിരക്കണക്കിന് രൂപ ചെലവഴിച്ചാണ് മകൻ ഷോപ്പിംഗ് ചെയ്തത് എന്നും അവനൊരു ലിറ്റിൽ ഓൺലൈൻ ഷോപ്പറായി മാറി എന്നും അത് തന്റെ ഭർത്താവിനെ ഞെട്ടിച്ചു എന്നുമാണ് കിർസ്റ്റൺ പറയുന്നത്.
വീഡിയോയിൽ കാണുന്നത് കുട്ടിയെ അവന്റെ അച്ഛൻ ചോദ്യം ചെയ്യുന്നതാണ്. അവൻ താനല്ല ഇതൊന്നും ചെയ്തത് എന്ന ഭാവത്തിൽ തന്റെ സഹോദരങ്ങൾക്കൊപ്പം നിശബ്ദനായിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. നീ ആമസോണിൽ നിന്നും ഏഴ് കാറുകൾ വാങ്ങി അല്ലേ? നീ ഇന്ന് ആമസോണിൽ 3,000 ഡോളറിൽ കൂടുതൽ ചെലവഴിച്ചു അല്ലേ? എങ്ങനെ നീയത് ചെയ്തു? നീ പ്രശ്നത്തിലാണ് എന്നെല്ലാം അച്ഛൻ കുട്ടിയോട് പറഞ്ഞു.
ഒപ്പം ചില സ്ക്രീൻഷോട്ടുകളും യുവതി പങ്കുവച്ചിട്ടുണ്ട്. വീട്ടിൽ എല്ലാവരും ഉറങ്ങുമ്പോഴാണ് മകൻ ഷോപ്പിംഗ് നടത്തിയത് എന്നും പറയുന്നു. ചെക്ക് ഔട്ട് ചെയ്യും മുമ്പ് 700 ഡോളറിനുള്ള സാധനങ്ങൾ കാർട്ടിലിടാനും അഞ്ച് വയസുകാരൻ മറന്നില്ല. എന്തായാലും, കുട്ടിയുടെ ഷോപ്പിംഗ് കണ്ട് ആദ്യം അച്ഛനും അമ്മയും ഇപ്പോൾ നാട്ടുകാരും ഞെട്ടിയിരിക്കുകയാണ്.


