ആറന്മുള വള്ളസ്സദ്യകള്‍ക്ക് ഇന്ന് തുടക്കം..
ആറന്മുള: പാര്‍ഥസാരഥിക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്‍ക്ക് ഞായറാഴ്ച രാവിലെ 11-ന് തുടക്കമായി. വിശിഷ്ടാതിഥികളെ ക്ഷേത്രതിരുമുറ്റത്തേക്ക് സ്വീകരിച്ച് ആനയിച്ചശേഷം 11.15-ന് തിരുമുറ്റത്തെ ആനക്കൊട്ടില്‍ ഗതാഗതവകുപ്പുമന്ത്രി കെ.ബി.ഗണേഷ്കുമാര് ഉദ്ഘാടനംചെയ്തു.
അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, മന്ത്രി വീണാജോര്‍ജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ ഭഗവാന് ഇലയില്‍ വിഭവങ്ങള്‍ വിളമ്പി. പള്ളിയോട സേവാസംഘം നിര്‍മിച്ച ‘വിസ്മയദര്‍ശനം’ ഡോക്യുമെന്ററി, ക്ഷേത്രമുറ്റത്തെ വഞ്ചിപ്പാട്ട് സോപാനം പന്തലില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പ്രകാശനംചെയ്തു.. ക്ഷേത്രത്തിലെ ഉച്ചപ്പൂജയ്ക്കുശേഷം വഴിപാട് വള്ളസ്സദ്യകള്‍ ഊട്ടുപുരകളില്‍ ആരംഭിക്കും. ആദ്യം ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ വെറ്റില പുകയില നല്കി സ്വീകരിച്ചു. 11.30-ന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദര്ശനയാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസ്സദ്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓതറ, ളാക-ഇടയാറന്മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂര്‍ പടിഞ്ഞാറ്, കോഴഞ്ചേരി, വെണ്‍പാല എന്നീ പള്ളിയോടങ്ങളാണ് ഞായറാഴ്ച വള്ളസ്സദ്യയില്‍ പങ്കെടുക്കുന്നത്.
52 കരനാഥന്മാരും, പള്ളിയോടപ്രതിനിധികളും, ദേവസ്വം ഭാരവാഹികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.