കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചു.. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം തല മൊട്ടയടിച്ചു..

കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അബ്ദുള്ളയെ ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടികൊണ്ടു പോയത്. രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിക്കുകയായിരുന്നു. നാലാഞ്ചിറ കുരിശടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം വടി ഉപയോഗിച്ച് ശരീരമാസകലം അടിച്ചു.

പ്രതികളിലൊരാളായ ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടം എക്സൈസിനെ അറിയിച്ചത് അബ്ദുള്ളയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് കണ്ണ് കെട്ടി ഒഴിഞ്ഞ വീട്ടിൽ എത്തിച്ച് വീണ്ടും മർദ്ദിച്ചു. ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയുടെ തല മൊട്ടയടിച്ചു. ഒരു രാത്രിയും പകലും നീണ്ട മർദ്ദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം കടന്നു കളയുകയായിരുന്നു.

നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്. കേസിൽ ഇനി രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പിടിയിലായവർ കഞ്ചാവ് അടിപിടി കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതിയായ കാപ്പിരി ജിതിൻ ഒരു വർഷം മുൻപ് കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.

Related Articles

Back to top button