‘മുന്നണി മര്യാദ പാലിക്കണം’… കേരള കോൺഗ്രസിനെതിരെ കടുപ്പിച്ച് എൻസിപി..
കേരള കോൺഗ്രസ് എമ്മിനും ചെയർമാൻ ജോസ് കെ മാണിക്കുമെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമർശനം ഉന്നയിക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണമെന്നാണ് ശശീന്ദ്രൻ ആവശ്യപ്പെടുന്നത്. പാർട്ടി യോഗത്തിൽ ജോസ് കെ മാണി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചെന്ന വാർത്തയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സാമുദായി സംഘടനകളുടെ ചട്ടുകമായി കേരള കോൺഗ്രസ് മാണി വിഭാഗം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.
മന്ത്രിക്കും വകുപ്പിനുമെതിരെ വിമർശനമുണ്ടെങ്കിൽ അത് മുന്നണി യോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും പരസ്യമായി വിമർശനം നടത്തിയത് ശരിയല്ലെന്നുമാണ് ശശീന്ദ്രൻ വ്യക്തമാക്കുന്നത്. ഇടതുമുന്നണി വിട്ട് യു ഡി എഫിലേക്ക് മടങ്ങാനുള്ള നീക്കം കേരള കോൺഗ്രസ് എം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് എൻ സി പി നേതൃത്വത്തിൻറെ ഭാഗത്ത് നിന്നും ശക്തമായ വിമർശനം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അതേസമയം ക്രൈസ്തവ സഭകളുടെ പിന്തുണയിൽ കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്കെത്തിക്കാൻ യു ഡി എഫ് നീക്കം തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. മനുഷ്യ – മൃഗ സംഘർഷത്തിൽ കേരള കോൺഗ്രസിനുള്ള ആശങ്ക മുതലെടുത്താണ് യു ഡി എഫിന്റെ ശ്രമങ്ങൾ. അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സാഹചര്യമടക്കം സാധ്യതയായി യു ഡി എഫ് കാണുന്നുണ്ട്. അതേസമയം സമ്മർദ്ദം ശക്തമാക്കുന്ന കേരളാ കോൺഗ്രസ് നീക്കത്തിൽ കരുതി പ്രതികരിച്ചാൽ മതിയെന്ന ധാരണയിലാണ് സി പി എം.