എൻഡോസൾഫാൻ ഇരയെ ഉപദ്രവിച്ചു..പിന്നാലെ മാതാവിനെ പീഡിപ്പിച്ചു.. വ്യാജ സിദ്ധൻ അറസ്റ്റിൽ..
എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേൽപ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പെർള സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ അറസ്റ്റ്‌ചെയ്തത്. പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെൺമക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാൾ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിയത്.
ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഇയാൾ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക് കൊണ്ടുപോയി. സഹോദരിമാരുടെ ഭർത്താക്കന്മാർ ഗൾഫിൽനിന്ന് വന്നപ്പോഴാണ് ഇവർ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്.
ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീൻ ശ്രമം നടത്തി. ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കൾ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. മാതാവിന്റെ പേരിൽ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവൻ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയെ ദേഹോപദ്രവമേൽപ്പിച്ചത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഷിഹാബുദ്ധീനെ റിമാൻഡ് ചെയ്തു.