പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു.. കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി…
പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു.
പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശിയായ ഹരികൃഷ്ണനും നേടി. മൂന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ എമില്‍ ഐപ്പ് സക്കറിയയും നാലാം റാങ്ക് നേടിയിരിക്കുന്നത് തിരൂരങ്ങാടി സ്വദേശി സയാനുമാണ്.
കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോർമുല തുടരും. പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.