സൗബിന് ഷാഹിറിന് ജാമ്യം നല്കിയ നടപടി.. അപ്പീല്‍ നല്കി പരാതിക്കാരന്…
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കി പരാതിക്കാരന്. സൗബിന് ഷാഹിര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അരൂര്‍ സ്വദേശി സിറാജ് വലിയതുറയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം നടന് സൗബിന് ഷാഹിറിനെ അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ വാർത്ത വന്നിരുന്നു.എന്നാല്‍ താരത്തിനെ അറസ്റ്റ് ചെയ്തില്ല എന്നും ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കണക്കുകള്‍ പൊലീസിനെ ബോധിപ്പിച്ചുവെന്ന് സൗബിനും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തെറ്റിദ്ധാരണ മൂലമുണ്ടായ കേസാണെന്നും തന്ന മുതല്‍ മടക്കി നല്‍കിയിരുന്നുവെന്നും ലാഭവിഹിതം സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നതെന്നും നടന് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതി.