തദ്ദേശ തെരഞ്ഞെടുപ്പ്…ഒരു ബൂത്തിൽ പരമാവധി 1100 വോട്ടർമാരായി എണ്ണം ചുരുക്കണം….പ്രതിപക്ഷ നേതാവ് കത്ത് നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷന് ക്രമീകരണമെന്ന നിർദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.
കൂടുതല്‍ പേര് ബൂത്തില്‍ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും പോളിംഗ് ബൂത്തുകള്‍ക്കു പുറത്ത് നീണ്ട നിരകള്‍ രൂപപ്പെടുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇത് പലരും വോട്ട് ചെയ്യാത്ത അവസ്ഥയിലേക്ക് എത്തിക്കും. ഈ സാഹചര്യത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ, ഓരോ പോളിംഗ് സ്റ്റേഷനും പരമാവധി 1100 വോട്ടര്‍മാരെ മാത്രമായി പരിമിതപ്പെടുത്തണം. അങ്ങനെ വരുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം മറികടക്കാനും കൂടുതൽ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് നടത്താനും സാധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്.