വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം.. ആര്‍സിബി പേസര്‍ യഷ് ദയാലിനെതിരെ കുരുക്ക്…
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരവും ഇന്ത്യന്‍ പേസറുമായ യഷ് ദയാലിനെതിരെ യുവതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. താരം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഇന്ദിരാപുരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് താരത്തിനെതിരെ എഫ്ഐആറില്‍ പറയുന്ന്. യഷ് ദയാലുമായി അഞ്ച് വര്‍ഷമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും താരം ശാരീരികമായി ചൂഷണം ചെയ്തതായും ആരോപിച്ച് ജൂണ്‍ 21നാണ് യുവതി പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയായി താരമോ ബന്ധുക്കളോ പ്രതികരിച്ചിട്ടില്ല.വിവിധ ആവശ്യങ്ങള്‍ പറഞ്ഞ യഷ് പണം തട്ടിയെന്നും താരം ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ പറ്റിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. ചാറ്റ് സ്ക്രീന്‍ ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉള്‍പ്പെടെ വച്ചാണ് യുവതി പരാതി നല്‍കിയത്.