സ്വർണമാല കവർന്ന ചെറുമകനോട് അമ്മൂമ്മ ക്ഷമിച്ചു.. തിരിച്ചേൽപ്പിച്ചതിന് സമ്മാനവും നൽകി.. സംഭവം ആലപ്പുഴയിൽ..
ആലപ്പുഴ : ഒന്നരപ്പവന്റെ മാല കവർന്ന ചെറുമകനോട് ക്ഷമിക്കാതിരിക്കാൻ ആ അമ്മൂമ്മയ്ക്ക് കഴിഞ്ഞില്ല. വിൽക്കാൻ കഴിയാതെ വന്നതോടെ മൂന്നുദിവസം കഴിഞ്ഞ്, മാല തിരിച്ചുനൽകിയ അവന് ആയിരം രൂപ പാരിതോഷികവും അവർ നൽകി. ആലപ്പുഴ നഗരത്തിലാണ് പോലീസിനെ വരെ അമ്പരപ്പിച്ച സംഭവം.
65 വയസ്സുള്ള അമ്മൂമ്മ ദിവസവും ഉറങ്ങുംമുൻപ് മാല തലയിണയുടെ താഴെ ഊരിവെക്കും. കഴിഞ്ഞ ദിവസം രാത്രിയും അങ്ങനെ ചെയ്തു. പുലർച്ചെ ഉറക്കമുണർന്നുനോക്കുമ്പോൾ മാലയില്ല. ചെറുമകൻ ഇടയ്ക്കിടയ്ക്ക് ചെറിയ തുകയൊക്കെ വീട്ടിൽനിന്ന് ആരുമറിയാതെ കൊണ്ടുപോകും. അതിനാൽ, അവൻ തന്നെയാണ് മോഷ്ടാവെന്ന് ഉറപ്പിക്കാൻ അമ്മൂമ്മയ്ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. പക്ഷേ, ചെറുമകനെ പോലീസിനെക്കൊണ്ടുപിടിപ്പിക്കാൻ അവർക്ക് മനസ്സുവന്നില്ല.
എങ്ങനെയെങ്കിലും മാല തിരിച്ചുകിട്ടിയാൽ മതിയെന്നായിരുന്നു. കാരണം, ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായിരുന്നു ആ മാല. കേസും കൂട്ടവുമായാൽ മാല ഉടൻ കിട്ടില്ല. മാത്രമല്ല, ചെറുമകൻ ജയിലിലുമാകും. കേസെടുക്കരുതെന്നും മാല തിരിച്ചുകിട്ടിയാൽ മതിയെന്നുംപറഞ്ഞ് അമ്മൂമ്മ പോലിസിനെ സമീപിച്ചു. അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് പോലീസിനും തോന്നി.
പോലീസ് ചെറുമകന്റെ ഫോട്ടോ വാങ്ങി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എബി തോമസിനു കൈമാറി. അദ്ദേഹമത് ജൂവലറി ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഈ ഫോട്ടോയിൽ കാണുന്ന യുവാവ് മാല വിൽക്കാൻ എത്തിയാൽ വാങ്ങരുതെന്നും നിർദേശിച്ചു. അതാണ് വഴിത്തിരിവായത്.
ജില്ലയിലെ 25-ഓളം ജൂവലറികളിൽ യുവാവ് മാല വിൽക്കാനെത്തി. ആരും വാങ്ങിയില്ല. മാലയുടെ ഒരുഭാഗം മുറിച്ച് അതുമാത്രം വിൽക്കാനും ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടതോടെ ശനിയാഴ്ച യുവാവ് അമ്മൂമ്മയ്ക്കുതന്നെ മാല തിരിച്ചുനൽകി. തെറ്റുപറ്റിപ്പോയെന്നും പറഞ്ഞു. ഇതോടെ അവർക്ക് സങ്കടം അടക്കാനായില്ല.
പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ചതായിരുന്നു അവൻ. ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയശേഷം ആളാകെമാറി. അച്ഛനും അമ്മയും വേർപിരിഞ്ഞുകഴിയുന്നതിനാൽ അവന് സങ്കടം ഏറെയാണ്. അവനെ എങ്ങനെയെങ്കിലും നല്ലജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നാണ് അമ്മുമ്മയ്ക്ക്.