‘അമേരിക്കയിൽ തുടങ്ങിയ ചികിത്സയുടെ തുടർച്ചയ്ക്കാണ് മുഖ്യമന്ത്രി പോയത്…..അവിടെ മാത്രമെ ആ ചികിത്സ ലഭ്യമാകൂ’..

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അമേരിക്കയിൽ തുടങ്ങിയ ചികിത്സയുടെ തുടർച്ചയ്ക്കാണ് മുഖ്യമന്ത്രി പോയതെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം. അമേരിക്കയിൽ മാത്രമെ ഈ ചികിത്സ ലഭ്യമാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി പോസ്റ്റിനെതിരെയും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. പത്തനംതിട്ടയിലെ ആരെങ്കിലും വീണാ ജോർജിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. പാർട്ടിക്ക് അകത്ത് കാര്യങ്ങൾ പറയാമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളുടെ ന്യൂനതകൾ ചൂണ്ടികാണിക്കുന്നതിൽ തെറ്റില്ല. സ്വകാര്യ ആശുപത്രിയിൽ പോയിരുന്നെങ്കിൽ എന്റെ ജീവൻ പോയേനെ. സർക്കാർ മെഡിക്കൽ കോളേജാണ് എന്റെ ജീവൻ രക്ഷിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ജനങ്ങളിൽ സ്വാധീനമുള്ള മേഖലകളാണ്. ഈ രണ്ട് മേഖലകളും തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട സംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി തന്നെ നിർദേശം നൽകിയിരുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സ്വകാര്യ ആശുപത്രികളും പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഇന്ന് സ്വകാര്യ ആശുപത്രികളെല്ലാം അമേരിക്കൻ കമ്പനിക്ക് കീഴിലേക്ക് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button