‘ഹെയര്‍ ക്ലിപ്പും പേനാക്കത്തിയും ഉപകരണങ്ങളായി’.. പ്രസവവേദനയില്‍ യുവതിക്ക് രക്ഷകനായത്.

മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകനായി ആര്‍മി ഡോക്ടര്‍. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സമയമില്ലാതെ അടിയന്തര ചികിത്സ ആവശ്യമായ സമയത്ത് ഹെയര്‍ ക്ലിപ്പും പേനാക്കത്തിയും മാത്രം ഉപയോഗിച്ച് ഡോക്ടര്‍ പ്രസവം നടത്തിയാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ജനിച്ച കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പന്‍വേല്‍-ഗോരഖ്പൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കായി യുവതിയെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നുവെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മനോജ് കുമാര്‍ സിങ് പറഞ്ഞു. യുവതിയുടെ ദുരവസ്ഥ കണ്ട് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന വനിതാ ടിക്കറ്റ് എക്സാമിനറും ആര്‍മി ഡോക്ടറും സഹായത്തിന് എത്തുകയായിരുന്നു.
ആര്‍മി മെഡിക്കല്‍ കോര്‍പ്സിലെ മെഡിക്കല്‍ ഓഫീസറായ മേജര്‍ ഡോ. രോഹിത് ബച്ച്വാല തന്റെ ട്രെയിനിനായി കാത്തുനില്‍ക്കുമ്പോഴാണ് യുവതിയുടെ ദുരവസ്ഥ കണ്ടത്. വീല്‍ചെയറില്‍ യുവതിയെ റെയില്‍വേ ജീവനക്കാരന് തള്ളിക്കൊണ്ടുപോകുന്നത് കണ്ട് ഡോക്ടര്‍ ഇടപെടുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതുവരെ യുവതിക്ക് അത്യാഹിതം ഒന്നും സംഭവിക്കാതിരിക്കാന്‍ അടിയന്തരമായി പ്രാഥമിക ചികിത്സ നല്‍കാനാണ് ഡോക്ടര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ലിഫ്റ്റ് ഏരിയയ്ക്ക് സമീപം പ്രസവവേദന കാരണം സ്ത്രീ കുഴഞ്ഞുവീണതോടെ റെയില്‍വേ സ്റ്റേഷനില്‍ തന്നെ താല്‍ക്കാലിക സംവിധാനം ഒരുക്കി പ്രസവം നടത്തുകയായിരുന്നു. ഹെയര്‍ ക്ലിപ്പ്, പേനാക്കത്തി തുടങ്ങി ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ ശുചിത്വം ഉറപ്പാക്കിയാണ് പ്രസവം നടത്തിയതെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പാഴാക്കാന്‍ സമയമില്ലായിരുന്നു. ഞങ്ങള്‍ ഒരു താല്‍ക്കാലിക പ്രസവ സ്ഥലം സൃഷ്ടിച്ചു. ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ അടിസ്ഥാന ശുചിത്വം ഉറപ്പാക്കി. ആ നിമിഷം ഞാന്‍ അവിടെ ഉണ്ടായതിനെ ദൈവിക ഇടപെടലായാണ് കാണുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.