മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം.. മാർച്ചുകളിൽ സംഘർഷം..

സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോ​ഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം.

തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിൽ സംഘർഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിലവിൽ തലസ്ഥാനം സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നിൽ പ്രവർത്തകർ വീണ്ടും സംഘടിക്കുകയാണ്. നിലവിൽ വനിതാ പ്രവർത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസ് കോമ്പൗണ്ടിൽ കയറിയതിനെ തുടർന്ന് വീണ്ടും ജലപീരങ്കി പ്രയോ​ഗിച്ചു. തുടർന്ന് പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘർഷത്തിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു.

Related Articles

Back to top button