ഭാര്യയുടെ യുട്യൂബ് ചാനലിൽ ഭർത്താവിന്റെ അശ്ലീല കമന്റ്.. ചോദ്യം ചെയ്തതിന് ക്രൂര മർദനം…
തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. നീലേശ്വരം തൈക്കടപ്പുറം സ്വദേശി സുജിതയുടെ പരാതിയിൽ ഭർത്താവ് രഘുവിനെതിരെ പൊലീസ് കേസെടുത്തു. തൈക്കടപ്പുറം സ്വദേശി സുജിതയെ വീട്ടിൽ വെച്ചാണ് കഴിഞ്ഞദിവസം ഭർത്താവ് രഘു മർദ്ദിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ ഭർത്താവ് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. മർദ്ദന ദൃശ്യങ്ങൾ സഹിതം യുവതി പൊലീസിൽ പരാതി നൽകി.
40 കാരി നൽകിയ പരാതിയിൽ ഭർത്താവ് രഘുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കമന്റ് ഇട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കുവൈത്തിൽ ജോലിക്കാരനാണ് രഘു.വീഡിയോയ്ക്ക് താഴെ സ്ഥിരമായി അശ്ലീല കമന്റ് പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഭർത്താവിന്റെ നടപടി യുവതി ചോദ്യം ചെയ്തത്. അപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്. നേരത്തേയും നിരവധി തവണ ഭർത്താവ് മർദിച്ചതായി യുവതി പറഞ്ഞു. 2023ൽ ഗാർഹിക പീഡനത്തിന് യുവതി കേസ് ഫയൽ ചെയ്തിരുന്നു.