അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവം.. മുൻകൂർ ജാമ്യാപേക്ഷ നൽകി നടത്തിപ്പുകാരി…
പത്തനംതിട്ട അടൂരിലെ അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ നടത്തിപ്പുകാരി മുൻകൂർ ജാമ്യാപേക്ഷ നൽകി. ഗർഭിണിയായ പെൺകുട്ടിയെ പിന്നീട് നടത്തിപ്പുകാരിയുടെ മകൻ തന്നെ വിവാഹം കഴിച്ചെങ്കിലും പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ അടൂർ പോലീസ് കേസെടുത്തിരുന്നു.വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചത് പൂർണ്ണവളർച്ചയെത്തിയ കുട്ടിയെയാണെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. 18 വയസ്സ് തികഞ്ഞ് പതിമൂന്നാം ദിവസമായിരുന്നു വിവാഹം കഴിഞ്ഞത്. പോലീസ് കേസെടുത്തതിന് പിന്നാലെ 24 പെൺകുട്ടികളെ അനാഥാലയത്തിൽ നിന്നു മാറ്റിയിരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം കേന്ദ്രത്തിലുളള വയോജനങ്ങളുടെ കാര്യത്തിൽ സാമൂഹ്യ നീതി വകുപ്പ് തീരുമാനമെടുക്കും. അനാഥാലയ നടത്തിപ്പിൽ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പെൺകുട്ടകളെ സ്ഥാപനം മാറ്റിയത്. കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കുന്നതിലടക്കം CWC ഇടപെടും.