മകന്റെ മരണം മനംമാറ്റി.. സര്‍ക്കാര്‍ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലില്‍ വിപ്ലവമായി.. കല്ലെറിയുന്നവർ അറിയണം,ഡോ. ജയകുമാറിനെ…
കോട്ടയം മെഡിക്കൽ കോളജിൽ ശുചിമുറി കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന വീട്ടമ്മ ഇന്നലെ മരണപ്പെട്ടിരുന്നു. കുളിക്കാനായി എത്തിയപ്പോഴാണ് ദാരുണ സംഭവം നടന്നത്. ബഹുനില കെട്ടിടം തകർന്നു വീണതിനെ തുടർന്ന് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ സൗമ്യവും പക്വതയോടെയും ഇടപ്പെട്ട ആളാണ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ.കേരളത്തിലെ ഏറ്റവും ജനകീയനായ ഡോക്ടര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് ബിന്ദുവെന്ന വീട്ടമ്മ മരിച്ചു. അതൊരു സിസ്റ്റത്തിന്റെ തകരാറാണ്. അതിന്റെ പേരില്‍ ഈ ജനയകീയ ഡോക്ടറെ ക്രൂശിച്ചാല്‍ നഷ്ടം കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ നിഴലിക്കും. ഡോക്ടര്‍ ഹാരീസ് ചിറയ്ക്കലിനെ പോലെ പാവം രോഗികള്ക്കാായി മാറ്റി വച്ചതാണ് ഡോ ജയകുമാറിന്റേയും ജീവിതം.
27 വർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളജിൽ ലക്ചററായി ജോലി ചെയ്യുന്ന ടി കെ ജയകുമാറും ഭാര്യ ഡോ. എം. ലക്ഷ്മിയും സ്വന്തം കുഞ്ഞിന്റെ ജീവന് വേണ്ടി നെട്ടോട്ടമോടുകയായിരുന്നു. കോട്ടയത്ത് സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. എറണാകുളത്തെ സൂപ്പർ സ്പെഷ്യാലിറ്റ് ആശുപത്രിയിലേക്ക് മാറ്റാനും ഒരു ഡോസിന് ഒന്നര ലക്ഷത്തോളം വിലയുള്ള മരുന്നിനും ചികിത്സയക്കുമായി അവരുടെ ഓട്ടത്തിന് ആ നവജാത ശിശുവിനെ രക്ഷിക്കനായില്ല.
ശ്വാസകോശസംബന്ധമായ അസുഖം നിമിത്തം കുഞ്ഞ് മരണമടഞ്ഞു. അന്ന് പ്രതിമാസം ₹4,300 മാത്രം ശമ്പളം ലഭിച്ചിരുന്ന ജയകുമാറിന് ആ ചികിത്സ നടത്താൻ സാധിച്ചില്ല. ഹൃദയഭേദകവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച് ആ അനുഭവം.
സാധാരണക്കാർക്കും ദരിദ്രർക്കും വൈദ്യസഹായം ഉറപ്പാക്കുന്നതിന് സർക്കാർ മേഖലയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജയകുമാറിന് സ്വാനുഭവത്തിൽ നിന്ന് തന്നെ മനസ്സിലായി.
സ്വകാര്യ ആശുപത്രിയില്‍ 30ലക്ഷം രൂപയിലേറെ രൂപ ചെലവുവരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും 3 ലക്ഷം രൂപക്ക് ചെയ്തുകൊണ്ട്, സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതയില്‍ ഈ മേഖലയെ അദ്ദേഹം മാറ്റിയെടുത്ത ഡോക്ടര്‍ ആണ് ജയകുമാര്‍.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ, ജയകുമാർ 15,000-ത്തിലധികം ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. കോട്ടയം മെഡിക്കൽ കോളജിൽ ഒരു കാത്ത് ലാബ് സ്ഥാപിക്കുന്നതിലെ കാലതാമസം കാരണം കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ 2008 ൽ മാത്രമാണ് ആരംഭിച്ചത്. സങ്കീർണ്ണമായ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകളുടെ പ്രയോജനം എല്ലാവർക്കും ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. 2023 വരെ എട്ട് വർഷത്തിനിടിയിൽ , ഇവിടെ എട്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി, ഇന്ത്യയിലെ ഏതൊരു സർക്കാർ മെഡിക്കൽ കോളജിനെ സംബന്ധിച്ചും ഇതൊരു റെക്കോഡാണ്.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടായ അദ്ദേഹം ദിവസവും നിരവധി ഫയലുകൾ നോക്കുന്നു.രാവിലെ 7.30 ന് ആശുപത്രിയിൽ എത്തുകയും അടുത്ത ദിവസം പുലർച്ചെ ഒരു മണിക്ക് മാത്രം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളോ സങ്കീർണ്ണമായ ഇടപെടൽ ആവശ്യമുള്ള കാര്യങ്ങളോ ഉണ്ടായാൽ, ജയകുമാർ അടുത്ത ദിവസം പുലർച്ചെ വരെ ഓഫീസിൽ തുടരുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെയും രീതി.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടമിടിഞ്ഞുവീണ് മരണം സംഭവിച്ചപ്പോൾ ആദ്യം മന്ത്രി പറഞ്ഞ കാര്യത്തിന് പിന്നിലെ തെറ്റിദ്ധാരണയ്ക്ക് കാരണം താനാണെന്ന് ഏറ്റുപറഞ്ഞ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, കോട്ടയം മെഡിക്കൽ കോളജിനെ സംസ്ഥാന തലത്തിലെ മികച്ച ആതുരശുശ്രൂഷാ കേന്ദ്രമാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ഡോക്ടറാണ്. സ്വന്തം അനുഭവത്തിൽ നിന്ന് ആശുപത്രിയെ ചികിത്സാ മികവുള്ള ഇടമാക്കി മാറ്റിയതിൽ നിർണ്ണായ ഇടപെടൽ നടത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെന്ന നിലയിലും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെന്ന നിലയിലും പേരെടുത്ത വ്യക്തിയാണ് ജയകുമാർ.
അദ്ദേഹം കോട്ടയം മെഡിക്കൽ കോളജിനും സാധാരണക്കാർക്കും വേണ്ടി ഇന്നും ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യുന്നുണ്ട്. ജീവിതാനുഭവത്തിന്റെ വേദനയിൽ നിന്നും സർക്കാർ ആശുപത്രിക്ക് വേണ്ടി പ്രൊഫഷനും ജീവിതവും മാറ്റിവച്ച ഡോക്ടർ ടി കെ ജയകുമാറിനെ അറിയുക കേരളത്തിലെ സർക്കാർ ഡോക്ടർമാരെ കുറിച്ചുള്ള പൊതുധാരണകളെ തിരുത്തുന്നതാകും.