‘ആരോഗ്യമേഖലയ്ക്കായി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ് വീണ..വീണാ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്..’

ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു. ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന മന്ത്രിയാണ് വീണ എന്നും, വീണാ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനായുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങളെ കാണേണ്ട സമയത്ത് തന്നെ കാണും. എല്ലാ വിഷയങ്ങളിലും കൃത്യമായ ഇടപെടൽ നടത്തുന്ന സർക്കാരാണ് നമ്മുടേതെന്നും മന്ത്രിമാർക്കെതിരായ വിമർശനം അപലപനയം എന്നും ആർ ബിന്ദു മന്ത്രി വ്യക്തമാക്കി.

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് നടപടിയിൽ വി സി ചട്ടങ്ങൾ പഠിക്കണമെന്ന് മന്ത്രി വിമർശിച്ചു. രജിസ്ട്രാർ കോടതിയിൽ പോകട്ടെ അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. സിൻഡിക്കേറ്റിൽ ആലോചിക്കാതെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി തെറ്റ്.

രജിസ്ട്രാർ കഠിനാധ്വാനി. സർവകലാശാലകളിൽ കാവിവൽക്കരണത്തിന് ശ്രമം നടക്കുന്നു. മോഹൻ ഭാഗവതിൻ്റെ നേതൃത്വത്തിൽ വൈകാതെ ഇതിനായി യോഗം ചേരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ കാവിവൽക്കരണമാണ് ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നത്.

പദ്ധതി തയ്യാറാക്കാൻ കേരളത്തിൽ തന്നെ ആർഎസ്എസ് യോഗം ചേരാൻ പോകുന്നു. ഒരു കേന്ദ്രത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണ് വി സി. രജിസ്ട്രാറിനെതിരായ നടപടി ആർഎസ്എസ് പ്രീണിപ്പിക്കുന്നതിന്റെ ഭാഗമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം കെ എസ്‍യു, യൂത്ത് കോൺഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടക്കുകയാണ്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ വീണ ജോർജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാർച്ച് തുടരുകയാണ്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.

അതേസമയം, പ്രതിഷേധം ശക്തമാക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. രാജി ആവശ്യത്തിൽ സിപിഎമ്മിൻ്റെ നിലപാട് നേതൃത്വം പ്രഖ്യാപിക്കും. നിലവിൽ വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം പത്തനംതിട്ട ഇലന്തൂര്‍ എല്‍സി അംഗം ജോണ്‍സണ്‍ പിജെ, സിപിഐഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.

Related Articles

Back to top button