ആളുകളെ കൊല്ലുന്ന ആരോഗ്യമന്ത്രി നമുക്ക് വേണ്ട..അവർക്ക് പറ്റുന്ന പണിക്ക് പോകട്ടെ..

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബിന്ദുവിന്റെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനാണെന്നും മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്ത് തുടരില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

‘ആളുകളെ കൊല്ലുന്ന ആരോഗ്യമന്ത്രി നമുക്ക് വേണ്ട. കണ്‍മുന്നില്‍ കിടക്കുന്ന കാര്യത്തിന്‌ പോലും പരിഹാരം ഉണ്ടാക്കാന്‍ മന്ത്രിക്ക് സാധിച്ചില്ല. സ്വപ്ന ജീവിയായിട്ട് കാര്യമുണ്ടോ?’, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. മന്ത്രി രാജിവെച്ച് പറ്റുന്ന പണിക്ക് പോകട്ടെയെന്നും തിരുവഞ്ചൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് താല്‍ക്കാലിക ആശ്വാസം അനുവദിക്കണം. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് മറ്റ് ആലോചനകള്‍ വേണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ ജില്ലാ കളക്ടറെ അന്വേഷണം ഏല്‍പ്പിച്ചതിനെയും എംഎല്‍എ വിമര്‍ശിച്ചു. എച്ച്എംസിയുടെ ചെയര്‍മാനായ കളക്ടറെ തന്നെ അന്വേഷണത്തിന് നിയോഗിച്ചതിലൂടെ മന്ത്രിക്ക് ഉത്തരം പറയേണ്ടിവരില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടികാട്ടി. സര്‍ക്കാരിൻ്റെ കാഴ്ചപ്പാട് ഇതിലൂടെ വ്യക്തമാണ്. കുറ്റകരമായ കാര്യത്തിന് മറുപടി പറയേണ്ട കളക്ടര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. നിര്‍ദേശിക്കുന്നതിന് അനുസരിച്ചല്ലേ കളക്ടര്‍ക്ക് പ്രവര്‍ത്തിക്കാനാകൂവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button