സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സാധ്യത..

പാൽവില കൂട്ടാൻ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് പാൽവില കൂട്ടുന്നത് പരിഗണനയിലെന്ന് മിൽമ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ സംസ്ഥാന ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിലകൂട്ടിയാൽ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചടക്കം പഠനം നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവിൽ 52 രൂപയ്ക്കാണ് മിൽമ ഒരു ലിറ്റർ പാൽ വിൽക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതൽ 48 രൂപവരെ കർഷകന് ലഭിക്കും. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാൽവില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്. അതുകൊണ്ട് തന്നെ വില കൂട്ടാനുള്ള സമ്മർദ്ദം മിൽമയും കർഷകരും ഒരുപോലെ ഉയർത്തുന്നുണ്ട്. ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റർ പാലാണ് മിൽമ കേരളത്തിൽ നിന്നാകെ സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റർ പാൽ കേരളത്തിൽ വിൽക്കുന്നുമുണ്ട്. അധികമായി വേണ്ട പാൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയിൽനിന്നാണ് മിൽമ വാങ്ങുന്നത്.

Related Articles

Back to top button