മകനെ ശാസിക്കുന്നതിനിടെ ചോദ്യം ചെയ്യലും മർദനവും..പരാതി പറയാൻ ചെന്ന പട്ടികജാതിക്കാരനായ ചുമട്ടു തൊഴിലാളിയെ പൊലീസും തല്ലി.. മുഖ്യമന്ത്രിക്ക് പരാതി നൽകി എംഎൽഎ…
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനായ ചുമട്ടുതൊഴിലാളിയെ ഇൻസ്പെക്ടർ മർദിച്ചതായി മുഖ്യമന്ത്രിക്ക് പരാതി. ചേർപ്പ് പടിഞ്ഞാട്ടുമുറി തെക്കെമഠത്തിൽ സുരേഷ് ആണ് പരാതി നൽകിയത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ചേർപ്പ് പടിഞ്ഞാട്ടുമുറിയിലെ ജിജെബി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സുരേഷും കുടുംബവും താമസിക്കുന്നത്. ക്യാമ്പിന് പുറത്ത് വെച്ചിരുന്ന ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ മകനെ ശാസിച്ചു കൊണ്ടിരുന്ന സുരേഷിനെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മദ്യപിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ആളുകൾ വന്ന് ചോദ്യം ചെയ്തു. അക്കൂട്ടത്തിലുണ്ടായിരുന്ന അനീഷ് എന്നയാൾ സുരേഷിനെ ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.
പരിക്കേറ്റ സുരേഷിനെ സ്ഥലത്തുണ്ടായിരുന്ന വാർഡ് മെമ്പർ നെസീജ മുത്തലീഫ് ചേർപ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സുരേഷ് ചേർപ്പ് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെ സുരേഷിനെയും അനീഷിനെയും സ്റ്റേഷനിലേക്ക് വിളിപ്പിപ്പിച്ചു. തുടർന്ന് ഇൻസ്പെക്ടർ സി രമേശ് അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ച് അകാരണമായി സുരേഷിന്‍റെ തലയിലും മുഖത്തും അടിച്ചുവെന്നും തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുറെ നേരം സ്റ്റേഷനകത്തെ ബെഞ്ചിൽ ഇരുത്തി എന്നുമാണ് പരാതി. സുരേഷ് ചേർപ്പ് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഈ കേസുൾപ്പെടെ ഒട്ടേറെ പരാതികൾ ചേർപ്പ് ഇൻസ്പെക്ടർക്കെതിരെ ഉയർന്നിട്ടുണ്ടെന്നും അടിയന്തിരമായി ഇൻസ്പെക്ടറെ സ്ഥലം മാറ്റണമെന്നും നാട്ടിക എംഎൽഎ സി സി മുകുന്ദൻ ആവശ്യപ്പെട്ടു. ഇൻസ്പെക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും എംഎൽഎ അറിയിച്ചു.