അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി..സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു…

അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാർ (45) ആണ് അറസ്റ്റിലായത്. വയറിലും മുതുകിലും ഗുരുതര കുത്തേറ്റ ജോസ് (42) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ജോസ് രാത്രി കത്തിയുമായി എത്തി അമ്മ ഓമനയെ (62) ഭീഷണിപ്പെടുത്തിയ ശേഷം പോയി. വീണ്ടും എത്തി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുന്നതിനിടയിൽ സഹോദരൻ സുനിൽ കുമാർ എത്തി കത്തി പിടിച്ചു വാങ്ങി ജോസിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിയും സഹോദരനും പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നു ഇതിലെ മുൻ വൈരാഗ്യവും വഴക്കിന് കാരണമായെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. കുത്തേറ്റ് അരമണിക്കൂറോളം കിടന്ന ജോസിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന സുനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ജോസിന്‍റെ മൊഴി എടുക്കാനായിട്ടില്ലെന്നും അമ്മയുടെ മൊഴിയെടുത്തെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button