ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസ്.. എഡിസണ്‍ ബാബു എന്‍സിബി വലയില്‍….
മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ബാബു പ്രതിയായ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെഷന്‍സ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഒരാഴ്ചയെങ്കിലും എഡിസണ്‍ ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത. മറ്റുകേന്ദ്ര ഏജന്‍സികളും എഡിസണ്‍ ബാബുവിനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എഡിസണ്‍ ബാബുവിനെ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ 14 മാസത്തിനിടെ 600 തവണയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചത്. അയല്‍ക്കാര്‍ക്ക് പോലും എഡിസനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.യുകെയില്‍ നിന്ന് എത്തിക്കുന്ന ലഹരി രാജ്യത്തുടനീളം ആവശ്യക്കാര്‍ക്ക് കൈമാറാന്‍ സംഘത്തിന് അഞ്ചിലധികം സംസ്ഥാനങ്ങളിലായി വിതരണ ശൃംഖലയുണ്ടെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തല്‍. എന്‍ജിനീയര്‍ ആയി അമേരിക്കയില്‍ അടക്കം ജോലി ചെയ്ത എഡിസണ്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി സജീവ ലഹരി ഇടപാടുകാരനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത് ഒഴിവാക്കാന്‍ ബിറ്റ് കോയിനിനു പകരം പ്രൈവസി കോയിനായ മുനേറോ വഴിയായിരുന്നു ഇടപാടുകള്‍. വീട് മൂവാറ്റുപുഴയില്‍ ആണെങ്കിലും ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു കൂടുതലും പ്രവര്‍ത്തനം. എഡിസനിന്റെ കൂട്ടാളിയെയും എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.