സ്ഥലവും വണ്ടിയും മാറി കയറിയത് ലേബർ ക്യാമ്പിൽ.. അതിക്രമം കാട്ടിയത് ആറംഗ സംഘം..മലയാളിക്ക് ഗുരുതര പരിക്ക്..
ഇതര സംസ്ഥാന തൊഴിലാളികളടക്കം താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ കാറിലെത്തിയ ഒരു സംഘം യുവാക്കള്‍ ആക്രമണം നടത്തി. അക്കിക്കാവ്- കേച്ചേരി ബൈപ്പാസ് റോഡ് നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന ഇയ്യാളിലെ ക്യാമ്പിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ ലേബര്‍ ക്യാമ്പിലെ മലയാളിയായ തൊഴിലാളി സുരേഷിന് ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് പട്ടിക്കരയില്‍ ബൊലോറോ പിക്കപ്പ് വാഹനം ഒരാളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയിരുന്നു.
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന് കാറില്‍ വന്ന യുവാക്കള്‍ ഇയ്യാലിലെ റോഡ് നിര്‍മാണ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ ഒരു പിക്കപ്പ് വാഹനം കിടക്കുന്നത് കണ്ടു. അപകടത്തില്‍ നിര്‍ത്താതെ പോയ വാഹനമാണിതെന്ന തെറ്റിദ്ധാരണയില്‍ പിക്കപ്പ് വാഹനത്തിനടുത്ത് നിന്നിരുന്ന റോഡ് നിര്‍മാണ തൊഴിലാളിയായ ഡ്രൈവര്‍ സുരേഷിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷമാണ് യുവാക്കള്‍ പിന്തുടര്‍ന്ന പിക്കപ്പ് വാഹനം ഇയ്യാല്‍ മന്ത്രവാദി റോഡിനപ്പുറം തെങ്ങിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് കിടക്കുന്നത് കണ്ടെത്തിയത്. പിക്കപ്പ് വാഹനം ഇടിച്ച് തെങ്ങ് റോഡില്‍ വീണു. ഇതോടെ റോഡില്‍ വാഹന ഗതാഗതം തടസപ്പെട്ടിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പിന്തുടര്‍ന്ന് വന്നവരും തൊഴിലാളികളും തമ്മില്‍ ലേബര്‍ ക്യാമ്പില്‍ സംഘര്‍ഷവും ഉണ്ടായി.
ഈ സംഘര്‍ഷത്തില്‍ യുവാക്കള്‍ വന്ന കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തില്‍പ്പെട്ട പലര്‍ക്കും കാര്യമായ രീതിയില്‍ മര്‍ദനമേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.