ലോട്ടറിക്കടയിൽ എത്തി, തിരിച്ചുപോയി വീണ്ടും വന്നു… മുഖം മൂടിയിരുന്നെങ്കിലും..ആക്രി ഷാജിയെ ചതിച്ചത്…
കട്ടപ്പന പുതിയ ബസ്റ്റാന്‍റിലെ ലോട്ടറിക്കടയിൽ നാലര ലക്ഷത്തിന്‍റെ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കട്ടപ്പന പൊലീസ്. കട്ടപ്പന പുതിയ ബസ്റ്റാന്‍റിൽ പ്രവർത്തിക്കുന്ന അശോകാ ലോട്ടറി കടയിൽ തിങ്കളാഴ്ച രാത്രി നടന്ന മോഷണ കേസിലെ പ്രതിയെയാണ് 10 മണിക്കൂറിനുള്ളിൽ കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സ്പെഷ്യൽ ടീം പിടികൂടിയത്. നിരവധി മോഷണ കേസിലെ പ്രതിയായ കൂട്ടാർ സ്വദേശി ആക്രി ഷാജി എന്നറിയപ്പെടുന്ന ഷാജി (52) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍റിലെ ലോട്ടറി കടയിൽ നിന്ന് മോഷണം പോയ ഒരു ലക്ഷത്തോളം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
മോഷണ ശേഷം ഓട്ടോ റിക്ഷയിൽ കയറി രക്ഷപ്പെട്ട പ്രതിയെ പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെയും മറ്റു പരിശോധനകളുടെയും അടിസ്ഥാനത്തിൽ പിടി കൂടുകയായിരുന്നു. ലോട്ടറി കടയുടെ പൂട്ട് ഷാജി തല്ലിതകർക്കുന്നത് ആദ്യം സമീപത്തുണ്ടായിരുന്ന ചിലർ കണ്ടിരുന്നു. എന്നാൽ ഇവർ ഇത് പൊലീസിനോടോ മറ്റാളുകളോടോ പറഞ്ഞില്ല. ഇവരെ കണ്ട് മടങ്ങിയ പ്രതി പിന്നീട് കുറച്ചു സമയങ്ങൾക്ക് ശേഷം തിരികെയെത്തിയാണ് കടയിൽ കയറി മോഷണം നടത്തിയത്. പീച്ചി, തൊടുപുഴ, കമ്പംമേട്ട്, നെടുംകണ്ടം, കട്ടപ്പന തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസ് നിലവിലുണ്ട്. കമ്പംമേട്ടു പൊലീസ് സ്റ്റേഷനിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് അയച്ചു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപിന്‍റെ നിര്‍ദേശ പ്രകാരമാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മോഷണ കേസ് അന്വേഷിക്കാൻ പ്രത്യേക ടീം രുപികരിച്ചത്.
പ്രതി കടയിൽ മോഷണം നടത്താൻ എത്തിയത് മുഖം മൂടി ധരിച്ചാണ്. ആദ്യം ലഭിച്ച സിസി ടിവി ദൃശ്യങ്ങളിലെല്ലാം മുഖം മൂടി ധരിച്ചതിനാൽ ആളെ വ്യക്തമായിരുന്നില്ല. അന്വേഷണം സംഘം പിന്നീട് ഇയാൾ സഞ്ചരിച്ചെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ചു. ഈ പരിശോധനയിലാണ് മുഖം മൂടി ഇല്ലാത്ത ഒരു ദൃശ്യം ലഭ്യമാകുന്നത്. ഇതോടെ സംഭവത്തിന് പിന്നിൽ ആക്രി ഷാജിയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് മുങ്ങുന്നതിന് മുമ്പ് പ്രതിയെ പിടികുടുന്നതിനുള്ള അതിവേഗത്തിലുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെയാണ് പ്രതി വേഗത്തിൽ വലയിലാകുന്നത്. മോഷണവിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ പൊലീസ് ഒരു നിമിഷം പോലും പാഴാക്കാതെ തെളിവുകളുടെ പിന്നാലെ ഓടി മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതിയായ ഇയാൾ മോഷണത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് പിടിയിലായത്.