നവജാതശിശുക്കളുടെ കൊലപാതകം….പ്രതികളുടെ മൊഴിയില്‍ അവ്യക്തത…

മാതാപിതാക്കള്‍ കൊലപ്പെടുത്തിയ നവജാതശിശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒരാഴ്ച നീണ്ടേക്കും. രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥികളാണ് പരിശോധിക്കുന്നത്. ഇവ പരിശോധിക്കാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളുടെ മരണകാരണം കണ്ടെത്തുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് വിഭാഗവും പോലീസും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അസ്ഥികള്‍ ഡിഎന്‍എ പരിശോധനയ്ക്കും വിധേയമാക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍.കെ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

മാതാപിതാക്കളെ കസ്റ്റഡിയില്‍ കിട്ടുന്നതിനു പുതുക്കാട് പോലീസ് ബുധനാഴ്ച അപേക്ഷ നല്‍കും. കേസില്‍ പ്രതികളായ നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22), കാമുകന്‍ ആമ്പല്ലൂര്‍ ഭവിന്‍ (26) എന്നിവരെ കോടതി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.

24 മണിക്കൂര്‍ ചോദ്യംചെയ്‌തെങ്കിലും പ്രതികളുടെ മൊഴിയില്‍ ഇപ്പോഴും പൊരുത്തക്കേടും അവ്യക്തതയുമുണ്ട്. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴിയും വിശ്വസനീയമല്ല.

Related Articles

Back to top button