ചില്ലറ ഇല്ലെന്ന് കരുതി കെഎസ്ആർടിസിയിൽ കയറാതിരിക്കേണ്ട..ഇതാ ഡിജിറ്റൽ ട്രാവൽ കാർഡ് എത്തി..

കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്നവരുടെ ഒക്കെ ഒരു സ്ഥിരം ടെൻഷനാണ് ചില്ലറ പ്രശ്നം. ഇപ്പോളിതാ ഇതിനു പരിഹാരമായി എത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ്. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തിറക്കിയത്. ഇനി മുതൽ യാത്രക്കാർ കൈയിൽ പണം കരുതേണ്ട ആവശ്യം ഇല്ല. സ്മാർട്ട് കാർഡിലൂടെ ടിക്കറ്റ് എടുക്കാം. ചില്ലറ തപ്പി നടക്കേണ്ട കാര്യവുമില്ല.

ഓൺലൈൻ പേയ്‌മെന്റിന്റെ ബുദ്ധിമുട്ടുകളും ഇല്ല. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 3,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം എന്നതും എടുത്തുപറയേണ്ടതാണ്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുസരിച്ച് ബാലന്‍സ് കുറയും. കണ്ടക്ടറെ സമീപിച്ചാല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ചലോ ആപ് വഴിയും ഇത് റീ ചാര്‍ജ് ചെയ്യാം. സ്മാർട്ട് കാർഡ് അവതരിപ്പിച്ച ദിവസങ്ങൾക്കകം തന്നെ വലിയ ഡിമാൻഡാണ് ഇതിനുള്ളത്. നിരവധി യാത്രക്കാർ കാർഡ് ആവശ്യപ്പെട്ട് ഡിപ്പോകളെ സമീപിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഡിപ്പോകളിലെല്ലാം സ്റ്റോക്ക് തീർന്ന അവസ്ഥയിലാണ്.

Related Articles

Back to top button