കോൺഗ്രസ് അംഗത്വ വിതരണത്തിനെത്തിയ നേതാവ് വീട്ടമ്മയെ കടന്നുപിടിച്ചു
ഹരിപ്പാട്: ചിങ്ങോലിയിൽ കോൺഗ്രസ് അംഗത്വ വിതരണത്തിനെത്തിയ പ്രാദേശിക നേതാവ് വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബിജു പുരുഷോത്തമനെതിരെയാണ് പരാതി. കരീലകുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് അംഗത്വ വിതരണത്തിന് എത്തിയ ബിജു പുരുഷോത്തമൻ മെമ്പർഷിപ്പ് എടുക്കുന്നതിനായി ഫോട്ടോ ആവശ്യപ്പെട്ടു. നല്ല ഫോട്ടോ കൈവശം ഇല്ലെന്ന് പറഞ്ഞപ്പോൾ, തൻറെ മൊബൈലിൽ പകർത്തിക്കൊള്ളാമെന്ന് ബിജു പറഞ്ഞു. തുടർന്ന് ഫോട്ടോ എടുക്കാൻ വീടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം കടന്നുപിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കരീലകുളങ്ങര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു ഉന്നത കോൺഗ്രസ് നേതാവിൻറെ അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി.