‘ഭ‍ർത്താവിന്റെ ലൈംഗിക വൈകൃതങ്ങൾ, വിളക്കിൽ തൊട്ടാൽ പോലും ശിക്ഷ’….റിധന്യയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

കഷ്ടിച്ച് ഒരു മാസം നീണ്ട ഭ‍ർതൃഗൃഹത്തിലെ താമസത്തിനിടയിൽ റിധന്യ നേരിട്ടത് വലിയ രീതിയിലുള്ള മാനസിക ശാരീരിക പീഡനമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം കഴി‌ഞ്ഞ് വെറും 78 ദിവസം പിന്നിടുമ്പോഴാണ് തിരുപ്പൂരിൽ 27കാരി സ്ത്രീധന പീഡനത്തേ തുട‍ർന്ന് ജീവനൊടുക്കിയത്. തിരുപ്പൂരിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ അണ്ണാദുരൈയുടെ മകളാണ് ജീവനൊടുക്കിയത്. ഏപ്രിൽ 11നായിരുന്നു തിരുപ്പൂരിലെ തന്നെ പ്രമുഖ കുടുംബങ്ങളിലൊന്നിലേക്ക് റിധന്യയെ വിവാഹം കഴിച്ച് നൽകിയത്. തിരുപ്പൂരിലെ കോൺഗ്രസ് നേതാവായ കൃഷ്ണന്റെ ചെറുമകനായ കവിൻ കുമാറായിരുന്നു റിധന്യയുടെ വരൻ.

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ റിധന്യയുമായി കവിൻ ആദ്യ ദിവസങ്ങളിൽ തന്നെ കലഹം ആരംഭിച്ചിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാനാവാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത്. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ റിധന്യയ്ക്ക് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. 500 പവൻ നൽകിയില്ലെന്നതായിരുന്നു ഭ‍ർതൃവീട്ടുകാരുടെ പരാതി. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവ‍ർ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാർ ചെലവഴിച്ചത്. ഭർത്താവിന്റെ വീട്ടിൽ വിളക്ക് തെളിയിക്കാൻ പോലും യുവതിയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കിൽ തൊട്ടാൽ ശിക്ഷയായി ഒരു മണിക്കൂറോളം നിൽക്കേണ്ടതായും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർ പതിവായി ശാപവാക്കുകൾ പറഞ്ഞ് യുവതി സമ്മർദ്ദത്തിലാക്കിയത്.

ഭർത്താവിൽ നിന്നുണ്ടായ ലൈംഗിക അതിക്രമത്തേക്കുറിച്ച് സംസാരിച്ചാൽ റിധന്യയുടെ പേര് വിശദമാക്കി ആത്മഹത്യ ചെയ്യുമെന്ന് കവിൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ച് യുവതി ജീവനൊടുക്കിയത്. ഏഴ് വോയിസ് മെസേജുകളാണ് യുവതി ജീവനൊടുക്കുന്നതിന് മുൻപ് പിതാവിന് അയച്ചത്. റിധന്യയുടെ മൃതദേഹമുണ്ടായിരുന്ന അവനാശി സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലെത്തിയ കവിനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. റിധന്യയുടെ സഹോദരൻ മിഥുൻ കവിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ ഭർതൃവീട്ടുകാർ കാറിൽ മോർച്ചറി പരിസരത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കവിൻ കുമാറിനെയും പിതാവ് ഈശ്വര മൂർത്തിയേയും അമ്മ ചിത്രാദേവിയേയും പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button