ഭാര്യയുടെ ഓഹരിയിൽ നിന്ന് ആദായമെടുക്കാനെത്തിയപ്പോൾ മർദ്ദനം.. കെഎസ്ആർടിസി റിട്ട. സ്റ്റേഷൻ മാസ്റ്ററുടെ മരണത്തിൽ ദുരൂഹത.. ആരോപണവുമായി ബന്ധുക്കൾ…
കെഎസ്ആർടിസി റിട്ട. സ്റ്റേഷൻ മാസ്റ്ററെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫി(68)നെയാണ് ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാത്ഥിയായ ഏക മകൻ ഡോ. ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുമ്പാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിൽ എത്തിയത്. ഭാര്യ മാജിദ രണ്ടു വർഷം മുമ്പ് മരിച്ചതിനാൽ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടിൽ താമസിച്ചിരുന്നത്.കുടുംബ വീട്ടിലെത്തുമ്പോഴാണ് ഭാര്യക്ക് കുടുംബ ഓഹരിയായി കിട്ടിയ ഭൂമിയിൽ നിന്ന് ആദായമെടുത്തിരുന്നത്. പതിവുപോലെ ഇത്തവണയും കഴിഞ്ഞ തിങ്കളാഴ്ച ആദായമെടുക്കാനായി പണിക്കാരനേയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്ത് താമസിക്കുന്ന ഭാര്യാ സഹോദരൻ തടഞ്ഞെന്നും മർദിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മുറിവുകളും ചതവുമുണ്ടായതിനെ തുടർന്ന് അന്നു തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അഷറഫ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് ഇരുവരെയും വിളിച്ച് സംസാരിച്ചു.പിന്നീടാണ് ശനിയാഴ്ച ഡോക്ടറ സന്ദർശിക്കാനായി അഷ്റഫിനെ വിളിക്കാനെത്തിയ സുഹൃത്ത് അബോധാവസ്ഥയിൽ നിലത്ത് വീണു കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് നടപടികളിൽ സംശയമുണ്ടെന്നും ബന്ധുക്കൾ പറയുന്നു.