‘പിണറായിയുടെ നമ്പർ വൺ ആരോഗ്യ കേരളം എങ്ങനെയുണ്ട്?’.. പരിഹാസവുമായി താരാ ടോജോ അലക്സ്…
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് താരാ ടോജോ അലക്സ്. ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ട് എഫ്.ബി പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും കേരള പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി വിശദീകരണം തേടിയെന്നും താരാ ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയന്‍റെ നമ്പർ വൺ ആരോഗ്യ കേരളം എങ്ങനെയുണ്ടെന്നും എഫ്.ബി പോസ്റ്റിലൂടെ താര ചോദിക്കുന്നു.
ഉപകരണങ്ങൾ ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കലിട്ട ഫേസ്ബുക്ക് പോസ്റ്റാണ് വലിയ വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ചത്. എഫ്.ബി. പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച ആരോഗ്യ വകുപ്പും മന്ത്രി വീണ ജോർജും രംഗത്തെത്തുകയും ചെയ്തു. പിന്നീട് വിഷയം പരിഹരിക്കാമെന്ന് മന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയതായി ബന്ധുവായ സി.പി.എം നേതാവ് അറിയിച്ചതിന് പിന്നാലെ വിവാദ എഫ്.ബി പോസ്റ്റ് ഡോ. ഹാരിസ് പിന്‍വലിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് താര പരിഹാസവുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയത്.