ശാർദൂല്‍ ഔട്ട്! ബുമ്രക്ക് പകരമാര്?..
വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് ഇന്ത്യ എങ്ങനെ നികത്തുമെന്നായിരുന്നു ലീഡ്‍സിലേക്ക് നോക്കിയ കണ്ണുകളിലെ ആശങ്ക. നാലാം ദിനം രണ്ടാം സെഷൻ അവസാനിച്ചപ്പോള്‍ അതിന് ഉത്തരമായി. ജേമി സ്മിത്ത് ജഡേജയുടെ പന്ത് മിഡ് വിക്കറ്റിലൂടെ ഗ്യാലറിയിലെത്തിച്ച് ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ചപ്പോള്‍ മറ്റൊരു ആശങ്ക. ഒരു ജസ്പ്രിത് ബുംറ മാത്രം മതിയാകില്ല അവശേഷിക്കുന്ന നാല് ടെസ്റ്റുകള്‍ താണ്ടാനെന്ന്. ബാറ്റിങ് നിര ആത്മവിശ്വാസം പകരുമ്പോള്‍ ബൗളിങ്ങില്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ബിര്‍മിങ്‌ഹാമിലിറങ്ങുമ്പോള്‍ അനിവാര്യമായ ചില മാറ്റങ്ങളുണ്ട്.
ബുംറ മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളു. ഈ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനില്ല എന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ വ്യക്തമാക്കി കഴിഞ്ഞു. ലീഡ്‌സില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ബിര്‍മിങ്‌ഹാമില്‍ ബുംറയെ കളത്തിലിറക്കാനുള്ള സാധ്യത വിരളമാണ്. മത്സരഫലം അനുകൂലമായില്ലെങ്കില്‍ പിന്നീട് അവശേഷിക്കുന്ന മൂന്ന് ടെസ്റ്റും നിര്‍ണായകമാകും, അതില്‍ ഒന്നില്‍ മാത്രമെ ലോക ഒന്നാം നമ്പര്‍ ബൗളര്‍ക്ക് മൈതാനത്തിറങ്ങാനാകു. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ ഗംഭീര്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.
അതുകൊണ്ട് ബിര്‍മിങ്ഹാമില്‍ ബുംറയില്ലാത്തൊരു ഇന്ത്യൻ ബൗളിങ് നിരയെ പ്രതീക്ഷിക്കാം. ഓള്‍ റൗണ്ടര്‍ എന്ന ടാഗിലെത്തി ബാറ്റിങ്ങിലും ബൗളിങ്ങിലും ഇംഗ്ലണ്ടിനെതിരെ തിളങ്ങാൻ ശാര്‍ദൂല്‍ താക്കൂറിന് കഴിഞ്ഞിരുന്നില്ല. 16 ഓവര്‍ പന്തെറിഞ്ഞ് വഴങ്ങിയത് 89 റണ്‍സ്, രണ്ട് വിക്കറ്റും. ബാറ്റുകൊണ്ടുള്ള സംഭാവന അഞ്ച് റണ്‍സും മാത്രം. ലീഡ്‌സ് ബാറ്റിങ്ങിന് അനുകൂലമായിരുന്നു എന്ന ഘടകം ഇവിടെ പരിഗണിക്കണം