അഭിനന്ദന്‍ വർദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു…

ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ തെക്കൻ വസീരിസ്ഥാന് സമീപത്തെ സരാരോഗയിൽ വച്ച് പാക് താലിബാൻ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാകൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർ സർവീസ് പബ്ലിക് റിലേഷൻ പുറത്ത് വിട്ട പ്രസ്താവനയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുള്ളത്. പാക് സൈന്യം 11 താലിബാൻ ഭീകരരെ വധിച്ചതായും ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റതായുമാണ് ഐഎസ്പിആർ വ്യക്തമാക്കുന്നത്

റാവൽപിണ്ടിയിലെ ചക്ലാല ഗാരിസണിൽ വച്ച നടന്ന മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ സംസ്കാര പ്രാർത്ഥനകളിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പങ്കെടുത്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ചക്വാളിലെ ജന്മനാട്ടിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ മൃതദേഹം സംസ്കരിച്ചത്. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ബലാകോട്ട് ആക്രമണത്തിന് പിന്നാലെ അഭിനന്ദന്‍ വർദ്ധമാൻ പാക് സൈന്യത്തിന്റെ പിടിയിലായതിന് പിന്നാലെ ജിയോ ടിവിയുമായി മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാ നടത്തിയ പ്രതികരണം വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

Related Articles

Back to top button