നിലമ്പൂരിന്‍റെ സ്വന്തം ബാവൂട്ടി നിയമസഭയിലേക്ക്.. ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27ന്….
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക
നിലമ്പൂരിൽ അത്യുജ്ജ്വല വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരികെ പിടിച്ചത്. തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മുന്നിലെത്തിയ ഷൗക്കത്ത് പത്തൊമ്പതാം റൗണ്ടിൽ അവസാന ബൂത്ത് എണ്ണിത്തീരും വരെയും ഒന്നാമനായി തുടർന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളിൽ 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചത്. എൽഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവഹിതം ഉയര്‍ത്തുകയും ചെയ്തു. ആകെ 77737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്