അയൽവാസിയായ യുവാവ് കല്ലെടുത്ത് വീട്ടമ്മയുടെ തലക്കടിച്ചു.. ഗുരുതര പരിക്ക്… ആരോപണവുമായി നാട്ടുകാർ….

യുവാവിന്‍റെ ആക്രമണത്തിൽ അയൽവാസിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ വത്സലയ്ക്കാ(65)ണ് പരിക്കേറ്റത്. യുവാവിന്‍റെ മർദ്ദനമേറ്റ് കുഴഞ്ഞുവീണ വത്സലയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേയ്ക്കും തുടർന്ന് കാരക്കോണം സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി.

പാൽക്കുളങ്ങര സാബു ഭവനില്‍ ജെ. ഷിബുവാണ് സമീപവാസിയായ വീട്ടമ്മയെ കല്ല് കൊണ്ട് ഇടിച്ച് തലക്ക് മാരകമായ മുറിവേല്‍പ്പിച്ചത്. രാസ ലഹരിക്കടിമയായ ഷിബു അയല്‍വാസികളെ അസഭ്യം പറയുകയും ചോദ്യം ചെയ്യുന്നവരെ മാരകായുധങ്ങളുമായി എത്തി അക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ലഹരി ഉപയോഗിച്ചാൽ ഷിബു സ്വന്തം കുടുംബത്തെയും ആക്രമിക്കാറുണ്ട്. സഹികെട്ട ഭാര്യയും രണ്ടു മക്കളും അഞ്ചു വർഷമായി പിരിഞ്ഞു കഴിയുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

ഷിബുവിന്‍റെ ആക്രമണത്തിനിരയായവർ നിരവധി പരാതികള്‍ മാരായമുട്ടം പൊലീസില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതേവരെ നടപടിയുണ്ടായിട്ടില്ലെന്നും സമീപവാസികൾ ആരോപിച്ചു.മദ്യപിച്ച് അസഭ്യം പറയുന്നത് നിത്യ സംഭവമായതോടെ പഞ്ചായത്ത് ജാഗ്രതാ സമിതി ഇടപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. എങ്കിലും ഇയാൾ തന്‍റെ രീതികൾ തുടരുകയാണെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. അതേസമയം, ഷിബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി മാരായമുട്ടം പൊലീസ് അറിയിച്ചു

Related Articles

Back to top button