ആലപ്പുഴ സ്വദേശിയിൽ നിന്നും ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്…പ്രതി റിമാൻ്റിൽ…
അമ്പലപ്പുഴ: ഓൺലൈൻ ജോലിയിലൂടെ വീട്ടിൽ ഇരുന്ന് വൻതുക സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രതികളിലൊരാൾ റിമാൻ്റിലായി. മലപ്പുറം ജില്ലയിൽ വേങ്ങര പഞ്ചായത്തിൽ കള്ളിയത്ത് വീട്ടിൽ മുഹമ്മദ് റാഫിയാണ് റിമാന്റ്റിലായത്.
ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തി അന്വേഷണം നടത്തിയപ്പോൾ പ്രതി സമാന സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായി പാല സബ്ബ് ജയിലിൽ റിമാൻറിൽ ആണ് എന്ന് അറിഞ്ഞതിൻറെ അടിസ്ഥാനത്തിൽ ആലപ്പുഴ ചീഫ” ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും പ്രതിയെ പാലയിൽ നിന്നും ആലപ്പുഴയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അപേക്ഷ പ്രകാരം പ്രതിയെ കോടതി റിമാൻറെ ചെയ്യുകയായിരുന്നു.
പ്രതി ഇത്തരം തട്ടിപ്പുകളിലെ ഒരു കണ്ണിയാണെന്ന് സംശയിക്കുന്നു. പരാതിക്കാരനെ ടെലിഗ്രാം അക്കൗണ്ട് വഴി ഫീനിക്സ‌് മിൽസ് എന്ന സ്ഥാപനത്തിൻറെ എച്ച്.ആർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബന്ധപ്പെട്ടാണ്” തട്ടിപ്പ് നടത്തിയത്. ആവലാതിക്കാരന്റെയും പ്രതികളുടേയും ഉൾപ്പെടെ നിരവധി ബാങ്ക് അക്കൗണ്ടുകളും ഫോൺ കോളുകളും ഓൺ ലൈൻ ബാങ്കിംങ് ഇടപാടുകളുടെ ഐ.പി വിവരങ്ങളും, ഫോൺ നമ്പരുകളുടെ ഉടമസ്ഥാവകാശ വിവരങ്ങളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. 2024 നംവബർ, ഡിസംബർ മാസത്തിലെ വിവിധ തീയതികളിൽ 7 തവണകളായി 6,97,551 (ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴാരത്തി അഞ്ഞൂറ്റി അമ്പത്തി ഒന്ന്) രൂപയാണ് തട്ടിയെടുത്തത്.
ഈ കേസിലെ മറ്റു രണ്ട് പ്രതികളെ മുൻപ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയതിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും പരസ്യങ്ങൾ വഴിയും ഓൺലൈൻ വഴിയും ജോലി ചെയ്ത ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിച്ച് വഞ്ചനയിൽ പെടുത്തുകയും പണം തട്ടുകയും ആണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത് ഇത്തരത്തിൽ ഓൺലൈനിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയാണെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 1930 എന്ന ടോൾഫ്രീ നമ്പറിലോ https://cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ പരാതി രജിസ്ട്രർ ചെയ്യേണ്ടതാണ്.