നാലാം ഇന്നിങ്‌സ് ചേസുകളുടെ വിളനിലം.. ലീഡ്‌സില്‍ 300-ന് മുകളില്‍..

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ നടന്ന 2586 ടെസ്റ്റുകളില്‍ 36 തവണ മാത്രമാണ് ടീമുകള്‍ 300 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത്. അതില്‍ നാലു തവണ ടീമുകള്‍ 400 റണ്‍സിന് മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 300-ന് മുകളിലുള്ള ലക്ഷ്യം ടീമുകള്‍ പിന്തുടര്‍ന്ന് ജയിച്ചവയില്‍ നാലെണ്ണം ലീഡ്‌സിലായിരുന്നു. നാലാം ഇന്നിങ്‌സില്‍ 300-ന് മുകളിലുള്ള ലക്ഷ്യം പിന്തുടരുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൈതാനമാണ് ലീഡ്‌സ്.

1948-ല്‍ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഓസ്‌ട്രേലിയയുടെ പേരിലാണ് ലീഡ്‌സിലെ ഏറ്റവും വലിയ റണ്‍ചേസിന്റെ റെക്കോഡ്. അന്ന് ആര്‍തര്‍ മോറിസിന്റെയും ഡൊണാള്‍ഡ് ബ്രാഡ്മാന്റെയും സെഞ്ചുറി മികവില്‍ 114 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഓസീസ് ലക്ഷ്യത്തിലെത്തിയത്. 2003-ല്‍ ആന്റിഗ്വയില്‍ ഓസീസിനെതിരേ വെസ്റ്റിന്‍ഡീസിന്റെ റണ്‍ചേസ് വിജയം വരെ ഇത് റെക്കോഡായി തുടര്‍ന്നിരുന്നു.

2019-ലെ ആഷസില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട് ഓസീസിനെ മുട്ടുകുത്തിച്ചതും ഇതേ ലീഡ്‌സിലായിരുന്നു. അന്ന് അവസാന വിക്കറ്റില്‍ ജാക്ക് ലീച്ചിനൊപ്പം 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 17 പന്തുകള്‍ പ്രതിരോധിച്ച ലീച്ച് അന്ന് നേടിയത് വെറും ഒരു റണ്‍ മാത്രമായിരുന്നു. 2022-ല്‍ ന്യൂസീലന്‍ഡിനെതിരേ ഇംഗ്ലണ്ട് ഇവിടെ 296 റണ്‍സ് ചേസ് ചെയ്ത് ഏഴു വിക്കറ്റിന്റെ ജയം നേടിയിട്ടുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് ഇവിടെ 251 റണ്‍സും ചേസ് ചെയ്ത് ജയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബൗളര്‍മാര്‍ പേടിക്കുന്ന മറ്റൊരു കണക്കുകൂടി ലീഡ്‌സിനുണ്ട്. 2000 മുതല്‍ ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളില്‍ നാലാം ഇന്നിങ്‌സില്‍ നേടിയ റണ്‍സിന്റെ ഉയര്‍ന്ന ശരാശരിയും (33.09 റണ്‍സിനിടെ ഒരു വിക്കറ്റ്) ലീഡ്‌സിനാണ്.

ലീഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ പിച്ച് ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കില്‍ കളി പുരോഗമിക്കുന്തോറും പിച്ച് ഫ്‌ളാറ്റാകുകയും കളി പുരോഗമിക്കുന്തോറും ബാറ്റിങ്ങിന് അനുകൂലമാകുകയും ചെയ്യുന്നതാണ് പതിവ്. നാലാം ഇന്നിങ്‌സില്‍ ഉയര്‍ന്ന റണ്‍ചേസുകള്‍ സാധ്യമാകുന്നതും ലീഡ്‌സ് പിച്ചുകളുടെ ഈ സ്വഭാവം കാരണമാണ്. 2010 മുതല്‍ ഇവിടെ നടന്ന 11 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ മൂന്ന് തവണ മാത്രമേ ഈ ഗ്രൗണ്ടില്‍ ജയിച്ചിട്ടുള്ളൂ.

Related Articles

Back to top button