ഈ കൂട്ടുകെട്ട് മുന്നോട്ട്..തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിടാൻ യൂഡിഎഫ് – ജമാഅത്തെ ഇസ്ലാമി…
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി സഹകരണം തുടരാൻ ജമാഅത്തെ ഇസ്ലാമി തീരുമാനം. പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ഉൾപ്പടെ യുഡിഎഫുമായി ചർച്ചകൾ തുടരുമെന്നാണ് വിവരം. നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വിഡി സതീശൻ പരസ്യമായി സ്വീകരിച്ചത് ഗുണകരമായി എന്നാണ് സംഘടനയുടെ വിലയിരുത്തൽ.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ രാഷ്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുടെ പിന്തുണ. പിന്നാലെ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. യുഡിഎഫ് നിലപാടിനെതിരെ എൽഡിഎഫ് ആഞ്ഞടിച്ചിരുന്നു. തുടർന്ന് പിഡിപി ബന്ധം അടക്കം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിരോധം.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് രംഗത്തുവരികയും ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി സതീശന്റെ പരാമർശങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. നിലമ്പൂരിൽ താൻ വിജയിച്ചത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരുടെ പിന്തുണയോടെയായിരുന്നുവെന്ന് ഇന്ന് രാവിലെ ആര്യാടൻ ഷൗക്കത്തും തുറന്നുപറഞ്ഞിരുന്നു.