നിലമ്പൂരിന്റെ ബാവൂട്ടി..നന്ദി പറയാൻ ഇന്ന് മണ്ഡല പര്യടനം.. ഷൗക്കത്ത് പാണക്കാടുമെത്തും…
നിലമ്പൂരിൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചക്ക് രണ്ടു മണി മുതലാണ് മണ്ഡല പര്യടനം. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വോട്ട് ചോർച്ചയെ കുറിച്ച് ആഴത്തിൽ പരിശോധന നടത്താനാണ് സി പി എമ്മിന്റെയും, ബി ജെ പിയുടെയും തീരുമാനം. പോത്തുകല്ല് ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നത് സി പി എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. ഒറ്റക്ക് മത്സരിച്ച് കരുത്തു തെളിയിച്ചതോടെ യു ഡി എഫ് പ്രവേശനം എളുപ്പമാകും എന്ന പ്രതീക്ഷയിലാണ് പി വി അൻവർ.
അതേസമയം നിലമ്പൂരിൽ അത്യുജ്ജ്വല വിജയമാണ് യു ഡി എഫ് നേടിയത്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ 11,077 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് യു ഡി എഫിനായി മണ്ഡലം തിരികെ പിടിച്ചത്. ഇടതുവലതു ശക്തികേന്ദ്രങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി വോട്ടുപിടിച്ച സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ ഞെട്ടിച്ചപ്പോൾ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.