മുംബൈ ക്രിക്കറ്റുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ പൃഥ്വി ഷാ…
മുബൈ ക്രിക്കറ്റ് ടീമിലും ഐപിഎല്ലില്‍ അവസരം ലഭിക്കാതിരുന്നതിന് പിന്നാലെ മുംബൈ ക്രിക്കറ്റ് വിട്ട് മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുമതി തേടി യുവതാരം പൃഥ്വി ഷാ. അടുത്ത ആഭ്യന്തര സീസണില്‍ മറ്റേതെങ്കിലും സംസ്ഥാന അസോസിയേഷനു വേണ്ടി കളിക്കാന്‍ എൻഒസി നല്‍കണമെന്നാവശ്യപ്പെട്ടാണ് 25കാരനായ പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഫിറ്റ്നെസ് ഇല്ലായ്മയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള മുംബൈ ടീമില്‍ നിന്ന് പൃഥ്വി ഷായെ പുറത്താക്കിയിരുന്നു. പിന്നീട് പൃഥ്വി ഷായെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ പരിശീലകര്‍ക്ക് കീഴില്‍ രണ്ടാഴ്ച ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിന് വിട്ടു. പൃഥ്വി ഷായുടെ ശരീത്തില്‍ 35 ശതമാനം അധിക കൊഴുപ്പാണെന്ന് പരിശീലകര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ശരീരഭാരവും കൊഴുപ്പും കുറക്കാന്‍ കഠിന പരിശീലനവും പരിശീലകര്‍ നിര്‍ദേശിച്ചിരുന്നു. മുംബൈക്കായി വീണ്ടും കളിക്കണമെങ്കില്‍ ഫിറ്റ്നെസ് വീണ്ടെടുക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നു.