ഭാര്യവീട്ടില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ട് പാഞ്ഞു.. പിടിക്കാനെത്തിയ പൊലീസിനെ കാറിടിച്ചു വീഴ്ത്തി.. യുവാവ് പിടിയില്‍…
കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് പിന്തുടര്‍ന്ന പൊലീസിനെ ഇടിച്ചുവീഴ്ത്തുകയും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത യുവാവ് പിടിയിൽ.പെരുമ്പാവൂർ മുടക്കുഴ തൃക്കേപ്പാറയില്‍ താമസിക്കുന്ന പെരുമാനി കലയതുരുത്ത് ജിഷ്ണു(30) ആണ് അറസ്റ്റിലായത്.
കോടനാട് സ്വദേശിനിയായ ഭാര്യയുമായി അകന്നുകഴിയുന്ന യുവാവ് ഞായറാഴ്ച വൈകീട്ട് ഭാര്യയുടെ വീട്ടിലെത്തി കുട്ടികളെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ കാറില്‍ പോകുന്നത് കണ്ട് ഭയന്ന യുവതി കോടനാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് അടുത്ത സ്റ്റേഷനുകളിലേക്ക് വിവരം നല്കി.വളയന്ചിറങ്ങരയില് ഇയാളെ കണ്ട് പെരുമ്പാവൂരില്‍ നിന്നെത്തിയ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ മുന്നോട്ടെടുത്ത് കടന്നുകളഞ്ഞു. കാറിന്റെ തുറന്ന ഡോര്‍ തട്ടി പെരുമ്പാവൂര്‍ സ്റ്റേഷനിലെ സിപിഒ ജയ്സണ്‍ പരിക്കേറ്റു. അമിത വേഗത്തില്‍ ഓടിക്കുന്നതിനിടെ കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചും അപകടമുണ്ടായി. പിന്നീട് കുമ്മനോടിന് സമീപം ഡീസല്‍ തീര്‍ന്ന റോഡില്‍ കാര്‍ റോഡില്‍ ഉപേക്ഷിച്ച് ഇയാള്‍ കുട്ടികളുമായി ഓട്ടോയില്‍ പെരുമാനിക്ക് പോയി. കുട്ടികളെ പെരുമാനിയിലെ വീട്ടിലാക്കിയ ശേഷം യാത്ര തുടര്‍ന്ന ഇയാളെ വെങ്ങോലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പിന്നീട് ഏഴും അഞ്ചും വയസുള്ള കുട്ടികളെ പൊലീസിന്റെ നേതൃത്വത്തില്‍ അമ്മയുടെ അടുക്കല്‍ എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയതിനും മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.