എല്ലാം ടെലിഗ്രാം, വാട്‌സാപ്പ് വഴി.. ആലപ്പുഴ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 25 ലക്ഷത്തിലേറെ.. പിടിവീണു…
ഓൺലൈൻ ബിഡ്ഡിങിന്‍റെ (ലേലം) പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും 25.5 ലക്ഷം തട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയില്‍.തൃശൂർ ചാവക്കാട് സ്വദേശി കുന്നത്തു വളപ്പിൽ കെ എ ഷെജീറിനെ (41) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയെ സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി പരാതിക്കാരനെ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.
പരാതിക്കാരന് നഷ്‌ടമായ തുകയിൽ 5,52,006 രൂപ അറസ്റ്റിലായ പ്രതി ഷെജീർ തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയ ശേഷം ഈ തുകയുൾപ്പെടെ 6,12,000 രൂപ ചെക്ക് വഴി പിൻവലിച്ച് വളാഞ്ചേരി സ്വദേശിയായ ഒരാൾക്ക് കൈമാറിയതായും അയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.കേസിലെ കൂടുതൽ പ്രതികളെക്കുറിച്ചു അന്വേഷണം നടത്തി വരികയാണ്.