‘പത്ത് വർഷമായി അധികാരമില്ല.. പിന്നെ എന്ത് ‘ഇസം’ സതീശനിസം എന്നൊന്നില്ല’..
നിലമ്പൂരിൽ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്ന് കെ മുരളീധരൻ. 2016, 2021ലെ പഴുതുകൾ അടച്ചുള്ള പ്രവർത്തനമാണ് നിലമ്പൂരിൽ യുഡിഎഫ് കാഴ്ചവെച്ചതെന്നും 5000ത്തിൽ കുറയാത്ത ഭൂരിപക്ഷം പാർട്ടിക്ക് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ലീഗുമായും മറ്റും ചേർന്ന് മികച്ച പ്രവർത്തനമാണ് മുന്നണിയിൽ നടന്നത്. ആശമാരുടെ നിശബ്ദപ്രചാരണവും പ്രിയങ്ക ഗാന്ധിയുടെ വരവും യുഡിഎഫിന് ഗുണം ചെയ്തു. എം വി ഗോവിന്ദന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന നിലമ്പൂരിൽ യുഡിഎഫിന് അനുകൂലമായി എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, സതീശനിസം എന്ന വാക്ക് ഇല്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പത്ത് വർഷമായി അധികാരമില്ല. പിന്നെ എന്ത് ഇസമാണ് ഞങ്ങൾക്കുള്ളതെന്ന് ചോദിച്ച മുരളീധരൻ എന്നാൽ പിണറായിസമുണ്ട് എന്നും അഭിപ്രായപ്പെട്ടു. ഭാരതാംബയുടെ ചിത്രമുള്ളതുകൊണ്ട് രാജ്ഭവൻ പരിപാടി ബഹിഷ്കരിച്ച ശിവൻകുട്ടിയുടെ നിലപാടിനെയും മുരളീധരൻ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി ഒളിച്ചുകളി ഒഴിവാക്കി ഗവർണർക്ക് ഒരു കത്ത് കൊടുക്കണം. കാവിക്കൊടിയേന്തിയ ചിത്രം പാടില്ല എന്ന് കർശനമായി പറയണം. ത്രിവർണ പതാക ഏന്തിയ ഭാരതാംബയാണ് വേണ്ടത്. ഇത് അംഗീകരിക്കില്ല, ഈ തീരുമാനവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് പറയണമെന്നും മുരളീധരൻ പറഞ്ഞു.